മോഹന്‍ലാലിന് മറുപടിയുമായി സംവിധായകന്‍ ഡോ.ബിജു: തന്റെ സിനിമ അന്താരാഷ്ട്ര വേദികളിലാണ് പ്രദര്‍ശിപ്പിക്കാറുള്ളത്; അവിടെയാര്‍ക്കും ലാലിനെ അറിയില്ല

single-img
13 November 2017

നടന്‍ മോഹന്‍ലാലിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ ഡോ. ബിജു രംഗത്ത്. ബിജുവുമൊത്തുള്ള പുതിയ സിനിമ സംബന്ധിച്ച് മോഹന്‍ലാലിന്റെ പ്രതികരണത്തിന് പിന്നാലെയാണ് മറുപടിയുമായി സംവിധായകനും രംഗത്തെത്തിയിരിക്കുന്നത്.

സിനിമയുമായി ബന്ധപ്പെട്ട് അത്ര ഗൗരവകരമായ ചര്‍ച്ചയൊന്നും നടത്തിയിട്ടില്ലെന്ന് ബിജു പറയുന്നു. ഇനിഷ്യല്‍ ഡിസ്‌കഷനാണ് നടത്തിയത്. മറ്റ് പ്രൊജക്ടുകളുമായി ബന്ധപ്പെട്ട തിരക്കിനിടയിലാണ് ഇത്തരമൊരു ചര്‍ച്ച നടത്തിയതെന്നും സംവിധായകന്‍ പറയുന്നു.

തന്റെ സിനിമകള്‍ അന്താരാഷ്ട്ര വേദികളിലാണ് കൂടുതലായും പ്രദര്‍ശിപ്പിക്കാറുള്ളത്. അതുകൊണ്ട് തന്നെ സിനിമയില്‍ ആരഭിനയിച്ചാലും തനിക്ക് പ്രശ്‌നമില്ലെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

അന്താരാഷ്ട്ര വേദികളില്‍ പ്രദര്‍ശനം കാണാനെത്തുന്ന പ്രേക്ഷകര്‍ക്ക് മോഹന്‍ലാലിനെയും മമ്മൂട്ടിയേയും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തന്റെ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിച്ചുവെന്നത് കൊണ്ട് കേരളത്തില്‍ മൈലേജുണ്ടാകുമെന്നല്ലാതെ മറ്റൊന്നും സംഭവിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറയുന്നു.

മോഹന്‍ലാലിനെ നായകനാക്കി ഇനി ഒരു സിനിമയെടുക്കുമോയെന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് താല്‍പര്യം ഉണ്ടെങ്കില്‍ അഭിനയിക്കാം എന്നല്ലാതെ തനിക്ക് വലിയ താല്‍പര്യമൊന്നും ഇല്ലെന്നായിരുന്നു സംവിധായകന്റെ മറുപടി.

എന്നാല്‍ ഡോ. ബിജു തന്നെ, കഥപറഞ്ഞുകേള്‍പ്പിക്കാനായി എത്തിയിരുന്നെന്നും കഥ കേള്‍ക്കുന്നതിനിടെയുണ്ടായ തന്റെ ചില സംശയങ്ങള്‍ക്ക് മറുപടി പറയാന്‍ ബിജുവിന് സാധിച്ചിരുന്നില്ലെന്നും അതുകൊണ്ടാണ് സിനിമ ഉപേക്ഷിച്ചതെന്നുമായിരുന്നു നേരത്തെ മോഹന്‍ലാല്‍ ഇതേക്കുറിച്ച് പറഞ്ഞിരുന്നത്.

വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ലാലിന്റെ വെളിപ്പെടുത്തല്‍. അദ്ദേഹം വന്നു കഥ പറഞ്ഞിട്ടുണ്ട്. അതു സത്യമാണെന്നും കഥ കേള്‍ക്കുമ്പോള്‍ എനിക്ക് ചില ചോദ്യങ്ങളുണ്ടായി, അതിനു മറുപടി തരാന്‍ അദ്ദേഹത്തിനു സാധിച്ചില്ല.

ആ ഒരു സിനിമയില്‍ അഭിനയിച്ചില്ല എന്നു വച്ച് എനിക്കൊന്നും സംഭവിച്ചിട്ടില്ല. അതിലഭിനയിച്ചു എന്നുവച്ചും ഒന്നും സംഭവിക്കില്ലെന്നും ലാല്‍ പറഞ്ഞു. അങ്ങനൊരു സിനിമയായിരുന്നു അത്. എനിക്കതില്‍ ത്രില്ലിങായി യാതൊന്നും തോന്നിയില്ല.

അതദ്ദേഹത്തിന്റെ പേഴ്‌സണല്‍ ഫിലിമാണ്. തീര്‍ച്ചയായും അത്തരം സിനിമകള്‍ നമുക്കു ചെയ്യാം. മുമ്പ് ചെയ്തിട്ടുണ്ട് ഇനിയും ചെയ്യും. പക്ഷേ അതത്രയ്ക്കു ബ്രില്ല്യന്റായിരിക്കണം. ഒരു വാസ്തുഹാരയോ ഒരു വാനപ്രസ്ഥമോ, അല്ലാതെ മനഃപൂര്‍വം ഒരു ആര്‍ട്ട്ഹൗസ് സിനിമയില്‍ അഭിനയിച്ചു കളയാം എന്നുവച്ച് അഭിനയിക്കേണ്ട കാര്യം ഇന്നത്തെ നിലയ്ക്ക് തനിക്കില്ലെന്നുമായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. എന്നാല്‍ മോഹന്‍ലാല്‍ പറയുന്നതൊന്നുമല്ല യഥാര്‍ഥ്യമെന്നാണ് സംവിധായകന്റെ വെളിപ്പെടുത്തല്‍.