ആസിയാൻ സമ്മേളനത്തിനായി പ്രധാനമന്ത്രി ഇന്നു മനിലയിൽ; ട്രംപുമായി ചർച്ചയ്ക്കു സാധ്യത

single-img
12 November 2017

 

മനില: നാളെ മുതൽ ആരംഭിക്കുന്ന തെക്കുകിഴക്കേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാൻ സമ്മേളനത്തിലും പൂർവേഷ്യ സമ്മേളനത്തിലും പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ള ലോക നേതാക്കൾ ഇന്നു ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ എത്തിച്ചേരും.

ഇരു സമ്മേളനങ്ങളിലും പങ്കെടുക്കുന്ന മോദി മൂന്നു ദിവസം ഫിലിപ്പീൻസിലുണ്ടാകും. സമ്മേളനങ്ങൾക്കായി അദ്ദേഹം ഞായറാഴ്ച രാവിലെ ഫിലിപ്പീൻസിലേക്കു യാത്ര തിരിച്ചു.

സമ്മേളനത്തിനിടെ ട്രംപ്–മോദി കൂടിക്കാഴ്ചയ്ക്കു മനില വേദിയാകുമെന്നും സൂചനകളുണ്ട്. ഉത്തര കൊറിയയുടെ ആണവപരീക്ഷണങ്ങളും ദക്ഷിണ ചൈനാക്കടലിലെ ചൈനീസ് ഇടപെടലുമുൾപ്പെടെ തെക്കുകിഴക്കേഷ്യ നേരിടുന്ന സുരക്ഷാ വെല്ലുവിളികളെക്കുറിച്ചാകും പ്രധാന ചർച്ചകൾ.

ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂടേർട്ടുമായും മോദി ചർച്ച നടത്തും. നിലവിൽ ആസിയാൻ യോഗത്തിന്റെ അധ്യക്ഷനാണ് ഡ്യൂടേർട്ട്. ഫിലിപ്പീൻസിലെ ഇന്ത്യൻ സമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ട്രംപിനെ കൂടാതെ റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്‌വെദെവ്, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ, ദക്ഷിണ കൊറിയ പ്രസിഡന്റ് മൂൺ ജേ ഇൻ തുടങ്ങിയവരും പൂർവേഷ്യ സമ്മേളനത്തിനുണ്ട്.