നാസയുടെ ‘ചൊവ്വാ യാത്ര’യ്ക്കുള്ള ലിസ്റ്റിൽ പേരുചേർത്തത് 1.3 ലക്ഷം ഇന്ത്യക്കാർ

single-img
12 November 2017

അമേരിക്കയുടെ സ്പേസ് ഏജൻസിയായ നാസയുടെ ‘ചൊവ്വായാത്ര‘യ്ക്കായുള്ള ലിസ്റ്റിൽ പേരു ചേർത്തത് 1.3 ലക്ഷം ഇന്ത്യക്കാർ. അമ്പരക്കേണ്ട ഇവരെല്ലാം ഭൂമി മടുത്തതുകൊണ്ട് ചൊവ്വയിലേയ്ക്ക് പലായനം ചെയ്യുകയൊന്നുമല്ല. നാസയുടെ ഏറ്റവും പുതിയ ചൊവ്വാ പര്യവേക്ഷണ ദൌത്യമായ ഇൻസൈറ്റ് എന്ന ബഹിരാകാശ പേടകത്തിൽ ഇവരുടെയെല്ലാം പേരുകൾ ആലേഖനം ചെയ്യുക മാത്രമാണു നാസ ചെയ്യുന്നത്. അതായത് രജിസ്റ്റർ ചെയ്തവരുടെയെല്ലാം പേരുകൾ ചൊവ്വയിലേയ്ക്ക് യാത്രയാകും.

13 ലക്ഷം പേരുകൾ ആലേഖനം ചെയ്ത മൈക്രോ ചിപ്പ് (ഓറിയോൺ പേടകം)

1.3 ലക്ഷം ഇന്ത്യാക്കാരടക്കം മൊത്തം ഏകദേശം 24.3 ലക്ഷം ആളുകളുടെ പേരുകളും വഹിച്ചാണു ഇൻസൈറ്റ് ചൊവ്വയിലേയ്ക്ക് യാത്രയാകുക. വെറും എട്ടു മില്ലിമീറ്റർ സ്ക്വയർ മാത്രം വിസ്തീർണ്ണമുള്ള വളരെച്ചെറിയ ഒരു സിലിക്കോൺ മൈക്രോ ചിപ്പിലാണു ഇത്രയും ആളുകളുടെ പേരുകൾ പ്രത്യേക സാങ്കേതിക വിദ്യയുപയോഗിച്ച് ആലേഖനം ചെയ്യുക. 2018 മേയ് മാസത്തിൽ ലോഞ്ച് ചെയ്യുന്ന ഇൻസൈറ്റ് നവംബർ മാ‍സത്തിലാണു ചൊവ്വയിലിറങ്ങുന്നത്. ഭൂമിയെപ്പോലെയുള്ള പാറകൊണ്ട് നിർമ്മിക്കപ്പെട്ട ഖര ഗ്രഹങ്ങൾ എങ്ങനെ രൂപപ്പെട്ടുവെന്ന് പഠിക്കുകയാണു ഇൻസൈറ്റിന്റെ പ്രധാന ദൌത്യം.

നാസയുടെ വെബ്സൈറ്റ് വഴി ഇക്കഴിഞ്ഞ സെപ്റ്റംബർ എട്ടാം തീയതി വരെയാണു രജിസ്റ്റർ ചെയ്യാൻ അവസരമുണ്ടായിരുന്നത്. രജിസ്റ്റർ ചെയ്യുന്നവർക്കെല്ലാം അപ്പൊൾത്തന്നെ ഒരു ഓൺലൈൻ ‘ബോർഡിംഗ് പാസ്’ ലഭിക്കും. ഈ ബോർഡിംഗ് പാസ് ഡൌൺലോഡ് ചെയ്യാനും ഫെയ്സ്ബുക്ക് ട്വിറ്റർ പോലെയുള്ള സമൂഹ മാധ്യമങ്ങളിൽ എംബെഡ് ചെയ്ത് ഷെയർ ചെയ്യാനും സൌകര്യമുണ്ട്.

ഇതിനു മുന്നേ 2014-ൽ ഓറിയോൺ എന്ന പേടകത്തിൽ നാസ 13 ലക്ഷം ആളുകളുടെ പേരുകൾ മൈക്രോ ചിപ്പിൽ ആലേഖനം ചെയ്ത് ചൊവ്വയിലേയ്ക്കയച്ചിരുന്നു. സ്തിരമായി ഇത്തരത്തിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ‘ഫ്രീക്വന്റ് ഫ്ലയർ’ പോയിന്റുകളും നാസ നൽകുന്നുണ്ട്.