സഹജ സ്വഭാവമായ കൊലപാതകം ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറല്ലെന്നതിന്റെ തെളിവാണ് ഗുരുവായൂരിലെ ആനന്ദിന്റെ കൊലപാതകമെന്ന് കുമ്മനം

single-img
12 November 2017

തിരുവനന്തപുരം: സഹജ സ്വഭാവമായ കൊലപാതകം ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറല്ലെന്നതിന്റെ തെളിവാണ് ഗുരുവായൂരിലെ ആനന്ദിന്റെ കൊലപാതകമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇത്രയധികം ജനാധിപത്യ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടും കൊലപാതകം അവസാനിപ്പിക്കാത്തത് സിപിഎം ഭീകര സംഘടനയാണെന്ന ബിജെപി നിലപാട് ശരിവയ്ക്കുന്നതാണെന്നും കുമ്മനം ചൂണ്ടിക്കാട്ടി.

മതതീവ്രവാദികള്‍ സിപിഎമ്മിന്റെ നേതൃത്വം ഏറ്റെടുത്തിരിക്കുകയാണെന്നും ജിഹാദികളുമായി ഒളിഞ്ഞും തെളിഞ്ഞും സിപിഎം പുലര്‍ത്തുന്ന ബന്ധമാണ് കൊലപാതകങ്ങള്‍ക്ക് കാരണമെന്നും കുമ്മനം ആരേപിച്ചു. ഇതിനെതിരെ ജനമന:സാക്ഷി ഉണരണം. കേരളത്തെ വീണ്ടും കൊലക്കളമാക്കാന്‍ ആരും അനുവദിക്കരുതതെന്നും ബിജെപി ഇത്രയധികം സംയമനം പാലിച്ചിട്ടും വീണ്ടും കൊലപാതകങ്ങള്‍ സിപിഎം ആവര്‍ത്തിക്കുന്നത് വെല്ലുവിളിയാണെന്നും കുമ്മനം പറഞ്ഞു.

കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന നീക്കത്തില്‍നിന്ന് സിപിഎം പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആനന്ദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച പ്രതിഷേധ ദിനം ആചരിക്കുമെന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കുമെന്നും കുമ്മനം അറിയിച്ചു.