തോമസ് ചാണ്ടിയുടെ രാജി; തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു

single-img
12 November 2017

മന്ത്രി തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച വിഷയത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനമായില്ല. രാജി സംബന്ധിച്ച തീരുമാനമെടുക്കാന്‍ എല്‍.ഡി.എഫ് യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. ഹൈക്കോടതിയിലെ കേസുകളില്‍ തീരുമാനം വന്നശേഷം മാത്രം നടപടിയെന്ന നിലപാടാണ് യോഗത്തില്‍ എന്‍സിപി കൈക്കൊണ്ടതെന്നാണ് സൂചന.

തോമസ് ചാണ്ടിയുടെ രാജി വേണമെന്ന ആവശ്യം സി.പി.ഐയും ജനതാദളും മുന്നണിയോഗത്തില്‍ ഉന്നയിച്ചു. രാജിയില്ലാതെ പോംവഴിയില്ല. രാജിവച്ചു പോകുന്നതാണ് മര്യാദയെന്നും എന്‍.സി.പിയോട് സി.പി.ഐ നേതാക്കള്‍ വ്യക്തമാക്കി. കലക്ടര്‍ക്കെതിരെ മന്ത്രി കോടതിയില്‍ പോയത് ശരിയായില്ലെന്ന് ജനതാദള്‍ നേതാക്കളും തുറന്നടിച്ചു. യോഗത്തിലെ ചര്‍ച്ചകള്‍ തൃപ്തികരമെന്ന് പുറത്തിറങ്ങിയ കാനം രാജേന്ദ്രന്‍ പറഞ്ഞു. എല്‍.ഡി.എഫ് തീരുമാനം അംഗീകരിക്കുമെന്ന് എന്‍.സി.പി നേതാക്കളും വിശദീകരിച്ചു.

നിയമോപദേശം അടക്കമുള്ളവ പരിശോധിച്ചശേഷം മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കട്ടെ എന്നാണ് ധാരണ. ഇതോടെ എല്‍.ഡി.എഫ് യോഗത്തിനു പിന്നാലെ ഗതാഗതമന്ത്രി തോമസ് ചാണ്ടി ഇന്നുതന്നെ രാജിവച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. ആരോപണ വിധേയനായ മന്ത്രി തോമസ് ചാണ്ടി അടക്കമുള്ളവര്‍ പങ്കെടുത്ത എല്‍.ഡി.എഫ് യോഗമാണ് അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടത്.