നാല് ഫ്‌ളാറ്റുകള്‍ സ്വന്തമാക്കി ബോളിവുഡ് താരം അക്ഷയ് കുമാര്‍; വില കേട്ടാൽ ഞെട്ടും!

single-img
12 November 2017

നാല് ഫ്‌ളാറ്റുകള്‍ സ്വന്തമാക്കി ബോളിവുഡ് താരം അക്ഷയ് കുമാര്‍. വീടുകളും ഫ്‌ളാറ്റുകളും അടക്കമുള്ള പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നതില്‍ ബോളിവുഡിലെ കില്ലാഡി സ്റ്റാറാണ് അക്ഷയ് കുമാര്‍. അന്ധേരി വെസ്റ്റിലെ ഒബ്‌റോയ് സ്പ്രിംഗ്‌സിന് സമീപമുള്ള ട്രാന്‍സ്‌കണ്‍ ട്രൈംഫ് എന്ന പദ്ധതിയിലെ 21ാം നിലയിലെ നാല് ഫ്‌ളാറ്റുകളാണ് അക്ഷയ് കുമാര്‍ പുതിയതായി വാങ്ങിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

അക്ഷയ്കുമാര്‍ ഭാട്ടിയ എന്ന പേരിലാണ് 2,200 സ്‌ക്വയര്‍ ഫീറ്റ് വരുന്ന ഓരോ ഫ്‌ളാറ്റും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഓരോ ഫ്‌ളാറ്റിനും 4.5 കോടി രൂപയാണ് വില. മൊത്തം 18 കോടി രൂപയ്ക്കാണ് അക്ഷയ് കുമാര്‍ ഫ്‌ളാറ്റ് വാങ്ങിച്ചിരിക്കുന്നത്. ട്രാന്‍സ്‌കണ്‍ ഡെവലപ്പേഴ്‌സ് വികസിപ്പിക്കുന്ന 38 നിലകളുള്ള ആഡംബര റിയല്‍ എസ്റ്റേറ്റ് പദ്ധതിയാണ് ട്രാന്‍സ്‌കണ്‍ ട്രൈംഫ്. 3.5 കോടി രൂപ മുതല്‍ 10 കോടി രൂപ വരെയുള്ളതാണ് ഇവിടുത്തെ ഫ്‌ളാറ്റുകള്‍. ജോഗ്ഗിംഗ് ട്രാക്ക്, സ്വിമ്മിങ് പൂള്‍, ബാര്‍ബിക്യൂ കോര്‍ണര്‍ തുടങ്ങി നിരവധി സൗകര്യങ്ങള്‍ ഈ പ്രൊജക്റ്റിലുണ്ട്.

ഭാര്യയും എഴുത്തുകാരിയും മുന്‍നടിയുമെല്ലാമായ ട്വിങ്കിള്‍ ഖന്ന, മകന്‍ ആരവ്, മകള്‍ നിതാര എന്നിവരോടൊപ്പം ജുഹുവില്‍ കടലിലേക്ക് തുറന്നുനില്‍ക്കുന്ന ഡുപ്ലക്‌സ് അപ്പാര്‍ട്ട്‌മെന്റിലാണ് ഇപ്പോള്‍ താരം താമസിക്കുന്നത്. ഇതിനു പുറമെ ലോകന്‍ഡ് വാല, ബാന്ദ്ര എന്നിവിടങ്ങളില്‍ താരത്തിന് ഡുപ്ലക്‌സ് അപ്പാര്‍ട്ട്‌മെന്റുകളുണ്ട്. ഗോവയിലെ കാസ ഡി സോള്‍ എന്ന പോര്‍ച്ചുഗീസ് സ്‌റ്റൈല്‍ വില്ലയും ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അക്ഷയ് കുമാര്‍ വാങ്ങിയിരുന്നു.