ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ നയത്തിന് തിരിച്ചടി: ടിപിപി കരാറുമായി മുന്നോട്ട് പോകുമെന്ന് അംഗരാജ്യങ്ങള്‍

single-img
11 November 2017

അമേരിക്ക പിന്‍വാങ്ങിയാലും ട്രാന്‍സ് പസിഫിക് വ്യാപാര പങ്കാളിത്ത കരാറുമായി (ടിപിപി) മുന്നോട്ട് പോകുമെന്ന് അംഗരാജ്യങ്ങള്‍ വ്യക്തമാക്കി. അമേരിക്കയിലെ തൊഴില്‍ സംരക്ഷണത്തിന്റെ പേരു പറഞ്ഞാണ് ട്രംപ് കരാറില്‍നിന്നു പിന്മാറിയത്. ഇതേത്തുടര്‍ന്നാണ് മറ്റു രാജ്യങ്ങള്‍ തങ്ങളുടെ തീരുമാനം വ്യക്തമാക്കി രംഗത്തെത്തിയത്.

ട്രംപ് പിന്തുടരുന്ന ‘അമേരിക്ക ഫസ്റ്റ്’ നയത്തിനുള്ള തിരിച്ചടി കൂടിയാണ് കരാറുമായി മുന്നോട്ടു പോകാനുള്ള മറ്റു രാജ്യങ്ങളുടെ തീരുമാനം. എന്നാല്‍ അമേരിക്ക പിന്‍വാങ്ങിയാല്‍ കരാറിന് അര്‍ത്ഥമില്ലാതാകുമെന്നാണ് ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ അബെയുടെ പ്രതികരണം.

എങ്കിലും രാജ്യാന്തര വ്യാപാര കരാറുകള്‍ക്ക് ഊര്‍ജം പകരുന്നതായിരിക്കും ടിടിപി രാജ്യങ്ങളുടെ തീരുമാനമെന്നാണു പൊതുവെയുള്ള വിലയിരുത്തല്‍. ഉഭയകക്ഷി കരാറുകള്‍ക്ക് പ്രാമുഖ്യം നല്‍കി മുന്നോട്ടു പോകാനുള്ള ട്രംപിന്റെ തീരുമാനത്തെ തള്ളിയാണ് ടിടിപി രാജ്യങ്ങള്‍ തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നത്.

എന്നാല്‍ ടിടിപി അംഗരാജ്യങ്ങളില്‍ ഓരോന്നിനോടും പ്രത്യേകമായി ഉഭയകക്ഷി കരാറിനു താത്പര്യമുണ്ടെന്ന് ഏഷ്യ പസിഫിക് സാമ്പത്തിക സഹകരണ (അപെക്) ഉച്ചകോടിക്കിടെ ട്രംപ് വ്യക്തമാക്കിയിരുന്നു. അതേസമയം കരാറിന്റെ ‘കടുപ്പമേറിയ’ സമയം പിന്നിട്ടെന്നാണ് ടിടിപി രാജ്യങ്ങള്‍ വ്യക്തമാക്കിയത്.

മാത്രവുമല്ല, കരാറുമായി മുന്നോട്ടു പോകാനുള്ള തീരുമാനം യുഎസിനെ തിരികെ കൊണ്ടു വരുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ടിടിപി രാജ്യങ്ങള്‍ വ്യക്തമാക്കി. യുഎസ് പോകുന്നതോടെ കരാറിലെ നിര്‍ണായക സാമ്പത്തിക ശക്തിയായി ജപ്പാന്‍ മാറും. രണ്ടാം സ്ഥാനത്തു കാനഡയാണ്.

എന്നാല്‍ യുഎസ് ഇല്ലാതെ കരാറിന്റെ ഭാവി എന്തായിരിക്കുമെന്ന ആശങ്കയും കാനഡ പങ്കുവെയ്ക്കുന്നുണ്ട്. അതിനാല്‍ പുതിയ കരാറിനായുള്ള ചര്‍ച്ചയിലും കാനഡ പങ്കെടുത്തില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ചര്‍ച്ചയുടെ സമയം സംബന്ധിച്ച ആശയക്കുഴപ്പം കൊണ്ടാണ് എത്താന്‍ സാധിക്കാതിരുന്നതെന്ന് കനേഡിയന്‍ വ്യാപരമന്ത്രി പറഞ്ഞു.

രാജ്യത്തെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കുന്ന കരാര്‍ വേണമെന്നും കരാറില്‍ തൊഴില്‍ അന്തരീക്ഷവും തൊഴിലാളികളുടെ അവകാശങ്ങളും ബൗദ്ധിക സ്വത്താവകാശവുമെല്ലാം സംരക്ഷിക്കാന്‍ വ്യവസ്ഥയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎസിനെ ഒഴിവാക്കിയുള്ള പുതിയ കരാറിന് അന്തിമരൂപമായിട്ടില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. ഇനി കരാര്‍ കോംപ്രഹെന്‍സിവ് ആന്‍ഡ് പ്രോഗ്രസിവ് എഗ്രിമെന്റ് ഫോര്‍ ട്രാന്‍സ്പസിഫിക് പാര്‍ട്ണര്‍ഷിപ് (സിപിടിപിപി) എന്നായിരിക്കും അറിയപ്പെടുക. പുതിയ കരാര്‍ പ്രകാരം നേരത്തേയുണ്ടായിരുന്ന 20 വ്യവസ്ഥകള്‍ ഒഴിവാക്കപ്പെടുമെന്നും 11 രാജ്യങ്ങളും ചര്‍ച്ച ചെയ്തു തീരുമാനിച്ച ശേഷം മാത്രമേ പുതിയ കരാറിന് അന്തിമരൂപമാവുകയുള്ളൂവെന്നും ജപ്പാന്‍ അറിയിച്ചു.