മംഗളം ചാനലില്‍ കടുത്ത തൊഴില്‍ പീഡനം: 16 മണിക്കൂർ വരെ ജോലിയെടുത്തിട്ടും ശമ്പളമില്ല; ജീവനക്കാര്‍ സമരത്തില്‍; വാര്‍ത്താസംപ്രേഷണം മുടങ്ങി

single-img
11 November 2017

മംഗളം ചാനലിലെ ജീവനക്കാര്‍ സമരത്തില്‍. തൊഴില്‍ പീഡനം ആരോപിച്ചാണ് ജീവനക്കാര്‍ പ്രതിഷേധിക്കുന്നത്. ഇന്ന് രാവിലെ മുതല്‍ ജീവനക്കാര്‍ പ്രതിഷേധത്തിനിറങ്ങിയതോടെ ചാനലിലെ വാര്‍ത്താസംപ്രേഷണം മുടങ്ങി. പത്ത് മണിക്ക് വാര്‍ത്ത പോകേണ്ട സ്ഥാനത്ത് സന്തോഷ് പണ്ഡിറ്റുമായുള്ള അഭിമുഖ പരിപാടിയായ ഹോട്ട് സീറ്റാണ് സംപ്രേഷണം ചെയ്തത്.

തൊഴില്‍ പീഡനത്തിനു പുറമെ ശമ്പളം മുടങ്ങുന്നത് കൂടി പതിവായതോടെയാണ് ജീവനക്കാര്‍ ഗതികെട്ട് സമരത്തിന് ഇറങ്ങിയത്. രണ്ടും മൂന്നും മാസം കൂടുമ്പോള്‍ മാത്രമാണ് തുച്ഛമായ ശമ്പളം കിട്ടുന്നതെന്ന് ജീവനക്കാര്‍ പരാതിപ്പെടുന്നു. എട്ട് മണിക്കൂര്‍ ജോലിയെന്നാണ് പറയുന്നതെങ്കിലും 16 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടി വരുന്നു.

ജോലിക്ക് കയറുമ്പോൾ കമ്പനി പറഞ്ഞ കാര്യങ്ങളൊന്നും ഇതുവരെ പാലിച്ചിട്ടില്ല. 6 മാസം കഴിഞ്ഞാൽ കൺഫർമേഷൻ നൽകാമെന്ന് പറഞ്ഞെങ്കിലും അത് പാലിച്ചില്ല. മറ്റ് ചിലർക്ക് അപ്പോയിമെന്റ് ലെറ്റർ പോലും നൽകിയിട്ടില്ല. സ്ത്രീ ജീവനക്കാരോട് മോശമായാണ് ചാനൽ അധികാരികൾ പെരുമാറുന്നതെന്നും ജീവനക്കാർ പറയുന്നു.

ശമ്പളം ചോദിക്കുമ്പോള്‍ ജോലി രാജിവെച്ച് പൊയ്‌ക്കോളാനും ചാനല്‍ അധികാരികള്‍ പറയും. ഇതിനൊക്കെ പുറമേ കാനഡയില്‍ നിന്നുമെത്തിയ സിഒഒ തൊഴിലാളി വിരുദ്ധ നടപടികളാണ് സ്വീകരിക്കുന്നതെന്നും ജീവനക്കാര്‍ പരാതിപ്പെടുന്നു.

ചാനലിലെ തൊഴിൽ ചൂഷണത്തിനെതിരെ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നൽകിയതായി ജീവനക്കാർ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും തിങ്കളാഴ്ച ചാനലിൽ തെളിവെടുപ്പിനായി എത്തുന്നുണ്ട്.

അതേസമയം ജീവനക്കാര്‍ വാര്‍ത്ത മുടക്കി സമരം ചെയ്തതോടെ ചര്‍ച്ചക്ക് മാനേജ്‌മെന്റ് തയ്യാറായിട്ടുണ്ട്. എന്നാല്‍, സിഒഒ ഇടപെട്ടുള്ള ഒത്തു തീര്‍പ്പുകള്‍ക്ക് തയ്യാറല്ലെന്നാണ് ജീവനക്കാരുടെ നിലപാട്. ഓഫീസിന് മുന്നില്‍ ധര്‍ണ്ണയിരിക്കുന്ന ജീവനക്കാര്‍ ഇതുവരെ ജോലിക്ക് കയറാന്‍ തയ്യാറായിട്ടില്ല. ഹണി ട്രാപ് വിവാദത്തിൽ ഉൾപ്പെടെ കുടുങ്ങിയ ചാനൽ ഇപ്പോൾ തൊഴിലാളി സമരത്തിനും സാക്ഷ്യം വഹിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.