പൂനെ യൂണിവേഴ്സിറ്റിയിൽ ഇനിമുതൽ ഗോൾഡ് മെഡൽ യോഗ ചെയ്യുന്ന സസ്യാഹാരികൾക്ക് മാത്രം

single-img
10 November 2017

നന്നായി പഠിച്ചതുകൊണ്ടോ ഒന്നാം റാങ്ക് വാങ്ങിയതുകൊണ്ടോ പൂനെ സർവ്വകലാശാലയിൽ നിന്നും ഗോൾഡ് മെഡൽ കരസ്ഥമാക്കാമെന്നു നിങ്ങൾ കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. ഇനി മുതൽ സസ്യാഹാരികളും മദ്യം ഉപയോഗിക്കാത്തവരുമായ വിദ്യാർത്ഥികൾക്ക് മാത്രമേ ഗോൾഡ് മെഡൽ ലഭിക്കുകയുള്ളൂ. പൂനെയിലെ സാവിത്രി ഭായി ഫുലെ സർവ്വകലാശാലയാണു പുതിയ നിയമവുമായി രംഗത്തെത്തിയിരിക്കുന്നത്.

കീർത്തങ്കാർ ഷേലാർ മാമയുടെ പേരിലുള്ള ഗോൾഡ് മെഡലിനു അപേക്ഷിക്കാനുള്ള യോഗ്യതകളിലാണു സർവ്വകലാശാലവിചിത്രമായ വ്യവസ്ഥകൾ മുന്നോട്ട് വെച്ചിരിക്കുന്നത്. അപേക്ഷ നൽകുന്ന വിദ്യാർത്ഥി സസ്യാഹാരിയായിരിക്കണമെന്നും യോഗ പ്രാണായാമം എന്നിവ ചെയ്യുന്നയാളായിരിക്കണമെന്നും വ്യവസ്ഥകളിലുണ്ട്.

മദ്യം ഉപയോഗിക്കാത്തയാളായിരിക്കണമെന്നും രാജ്യത്തിന്റെ സംസ്കാരം, ധാർമ്മികത, പാ‍രമ്പര്യം എന്നിവ ഉഅയർത്തിപ്പിടിക്കുന്നയാളായിരിക്കണമെന്നും വ്യവസ്ഥകളിലുണ്ട്. ശാസ്ത്ര വിദ്യാർത്ഥികൾക്കായുള്ള ഗോൾഡ് മെഡലാണിത്. മത്സരാർത്ഥി സംഗീതം, നൃത്തം തുടങ്ങിയവയിൽ നൈപുണ്യമുള്ള ആളായിരിക്കണം, രക്തദാനം ശ്രമദാനം എന്നിവ ചെയ്യുന്ന ആളായിരിക്കണം എന്നു തുടങ്ങി പത്ത് വ്യവസ്ഥകളാണു സർവ്വകലാശാല മുന്നോട്ട് വെച്ചിരിക്കുന്നത്.

അക്കാദമികമായ മികവിനു നൽകുന്ന ഗോൾഡ് മെഡലിനു ഭക്ഷണരീതിയിലും ജീവിത ശൈലികളിലുമടക്കം വ്യവസ്ഥകൾ മുന്നോട്ട് വെയ്ക്കുന്ന ഈ ഉത്തരവ് വലിയ വിവാദമായിരിക്കുകയാണു. സസ്യാഹാരവും യോഗയുമെല്ലാം കാവിവൽക്കരനത്തിനുള്ള ശ്രമങ്ങളായാണു വിലയിരുത്തപ്പെടുന്നത്.

മഹാരാഷ്ട്രയിൽ നിന്നുള്ള എൻ സി പി എം പിയും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെ ഈ ഉത്തരവിനെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഉത്തരവ് ഞെട്ടിക്കുന്നതാണെന്നും മികച്ചതും നിലവാരമുള്ളതുമായ വിദ്യാഭ്യാസത്തിനു പ്രാധാന്യം കൊടുക്കുന്നതിനു പകരം ഇത്തരത്തിൽ ആളുകളെ വിഭജിക്കാൻ ശ്രമിക്കുന്നത് നല്ലതല്ല എന്നാണു സുപ്രിയ സുലെ ട്വിറ്ററിൽ കുറിച്ചത്.