ട്വിസ്റ്റിട്ട് ഉമ്മന്‍ ചാണ്ടി: ‘തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്തത് ബാലകൃഷ്ണപിള്ളയല്ല; ആരെന്ന് പിന്നീട് വെളിപ്പെടുത്തും’

single-img
10 November 2017

തിരുവനന്തപുരം: സരിതയുടെ കത്തിന്റെ പേരില്‍ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്തത് ആര്‍. ബാലകൃഷ്ണപിള്ളയല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആരാണ് തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്തതെന്ന് പിന്നീട് വെളിപ്പെടുത്തും. അതിനു സമയമുണ്ടെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്ന നിലപാടില്‍ മാറ്റമില്ല. അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്നും സര്‍ക്കാര്‍ പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സരിതയുടെ കത്ത് തെളിവായി സ്വീകരിച്ച കമ്മീഷന്‍ അതിന്റെ ആധികാരികത ഒരിക്കല്‍ പോലും പരിശോധിച്ചുവെന്ന് തോന്നുന്നില്ല.

രണ്ടു കത്തുണ്ടായ സാഹചര്യവും കമ്മീഷന്‍ പരിഗണിച്ചില്ല. നിയമസാധുതയില്ലാത്ത നടപടികളാണ് കമീഷന്‍ സ്വീകരിച്ചിരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ യാതൊരു തര്‍ക്കവുമില്ലെന്നും കേസ് ഒറ്റക്കെട്ടായി പാര്‍ട്ടി നേരിടുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

ഒരുപാടു പേര്‍ തന്നെ ‘ബ്ലാക്ക് മെയ്ല്‍’ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അതില്‍ ഒരാള്‍ക്കു വിധേയനായി എന്നതില്‍ ദുഃഖമുണ്ടെന്നും ഉമ്മന്‍ ചാണ്ടി വ്യാഴാഴ്ച തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. സോളര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചതിനു പിന്നാലെയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

അതാരാണെന്നു മാധ്യമ പ്രവര്‍ത്തകരോടു പിന്നീടു വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ‘ഒരു ഭീഷണിക്കും വഴങ്ങാത്ത ഞാനാണ് ഒരാളുടെ ബ്ലാക്ക് മെയ്‌ലിങ്ങിനു വഴങ്ങേണ്ടിവന്നത്. കമ്മീഷനെ നിയമിച്ചത് അബദ്ധമായി തോന്നിയിട്ടില്ല.

മറ്റു ചില കാര്യങ്ങള്‍ അബദ്ധമായോ എന്നു സംശയമുണ്ട്. അതെന്താണെന്ന് ഇപ്പോള്‍ പറയുന്നില്ല. ആരുടെയും കാലു പിടിക്കാനില്ല. അന്തിമ തീരുമാനം വരുമ്പോള്‍ ജനങ്ങള്‍ക്കു മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുക ഞാനായിരിക്കും’ – ഇങ്ങനെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍. ഇതോടയൊണ് ചില മാധ്യമങ്ങളില്‍ അത് ബാലകൃഷ്ണപിള്ളയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.