വാട്ടര്‍ അതോറിറ്റി എംഡി എ ഷൈന മോള്‍ക്ക് അറസ്റ്റ് വാറന്റ്

single-img
10 November 2017

വാട്ടര്‍ അതോറിറ്റി എംഡി എ ഷൈന മോള്‍ക്ക് അറസ്റ്റ് വാറന്റ്. ഹൈക്കോടതിയുടേതാണ് അറസ്റ്റ് വാറന്റ്. ഷൈനാമോള്‍ക്കെതിരെയുള്ള കോടതി അലക്ഷ്യം നിലനില്‍ക്കുന്നതാണെന്ന് ബോധ്യപ്പെട്ട കോടതി ഇന്ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു.

എന്നാല്‍ ഷൈനമോള്‍ ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് ഡിവിഷന്‍ ബെഞ്ച് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഷൈന മോളെ തിങ്കളാഴ്ച രാവിലെ 10.15ന് അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് ഉത്തരവിട്ട കോടതി ജാമ്യം അനുവദിക്കാവുന്നതാണെന്നും വ്യക്തമാക്കി.

കോടതിയില്‍ നേരിട്ടു ഹാജരാകുന്നതില്‍ നിന്ന് ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഷൈന മോള്‍ നല്‍കിയ ഹര്‍ജി ഹൈകോടതി തള്ളി. 25,000 രൂപയാണ് ജാമ്യ തുക. വ്യാഴാഴ്ച കേസ് പരിഗണിക്കവേ വെള്ളിയാഴ്ച ഹാജരാകും എന്നാണ് ജല അതോറിറ്റി അഭിഭാഷകന്‍ അറിയിച്ചിരുന്നത്.

എന്നാല്‍, ഇന്ന് കേസെടുത്തപ്പോള്‍ എം.ഡി സ്ഥലത്തുണ്ടായിരുന്നില്ല. ജല അതോറിറ്റിയുടെ കരാര്‍ ജോലിയേറ്റ കമ്പനിക്ക് ലേബര്‍ ചെലവ് പുതുക്കി നല്‍കാനുള്ള ഹൈക്കോടതി നിര്‍ദേശം പാലിക്കാത്തതിനാണ് കോടതിയുടെ നടപടി.

നിര്‍ദേശം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ചെന്നൈയിലെ എന്‍ജിനീയറിങ് പ്രോജക്‌സ് ഇന്ത്യ ലിമിറ്റഡ് സീനിയര്‍ മാനേജര്‍ ശ്രീനേഷ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.