മാനേജ്‌മെന്റിന്റെ പീഡനം: തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാശ്രമം

single-img
10 November 2017

തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാശ്രമം. കോളേജിലെ ഫാര്‍മസി വിദ്യാര്‍ത്ഥി കൈഞരമ്പ് മുറിച്ചു. ഹാറൂണ്‍ യൂസഫ് എന്ന വിദ്യാര്‍ഥിയാണ് രാവിലെ കൈഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇതിനു പിന്നാലെ മറ്റു രണ്ടു വിദ്യാര്‍ഥികള്‍കൂടി അഞ്ചുനില കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി.

എസ്എഫ്‌ഐ നേതാക്കളും പൊലീസും മാനേജ്‌മെന്റും ചേര്‍ന്നു നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പിന്നീട് താഴെയിറങ്ങി. നിഖില്‍ ചന്ദ്രന്‍, അതുല്‍ എന്നീ വിദ്യാര്‍ഥികളാണ് കെട്ടിടത്തിനു മുകളില്‍ കയറിയത്. മാനേജ്‌മെന്റും അധ്യാപകരും മാനസികമായി പീഡിപ്പിക്കുന്നു എന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

ഇന്റേണല്‍ മാര്‍ക്ക് അകാരണമായി കുറച്ചും കോളേജില്‍ രാഷ്ട്രീയമായി സംഘടിക്കാന്‍ അനുവദിക്കാതെയും മാനസികമായി പീഡിപ്പിക്കുന്നു എന്നാണ് വിദ്യാര്‍ഥികളുടെ പരാതി. ഇക്കാര്യങ്ങള്‍ പറഞ്ഞ് ഹാറൂണും നിഖിലും ആത്മഹത്യാ കുറിപ്പെഴുതിയിട്ടുണ്ട്.

വിദ്യാര്‍ഥികളുടെ കത്തില്‍ പരാമര്‍ശിക്കുന്ന അധ്യാപകരുടെ നടപടിയെപ്പറ്റി അന്വേഷിക്കും, ഇന്റേണല്‍ മാര്‍ക്ക് കുറച്ചത് അകാരണമായാണെങ്കില്‍ ഉത്തരവാദികളായ അധ്യാപകര്‍ക്കെതിരേ നടപടിയെടുക്കും, കൈഞരമ്പു മുറിച്ച വിദ്യാര്‍ഥിയുടെ മൊഴിയെടുത്ത് അതില്‍ ആര്‍ക്കെങ്കിലും എതിരേ ആരോപണമുണ്ടെങ്കില്‍ നടപടിയെടുക്കും തുടങ്ങിയ ഉറപ്പുകള്‍ ലഭിച്ചതിനെ തുര്‍ന്നാണ് വിദ്യാര്‍ഥികള്‍ താഴെയിറങ്ങിയത്.