കണ്ണൂര്‍ മട്ടന്നൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

single-img
10 November 2017

കണ്ണൂര്‍ മട്ടന്നൂര്‍ നെല്ലൂന്നിയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സൂരജ്, ജിതേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവത്തിനു പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു. ഇന്നു രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം.

രണ്ട് ബൈക്കുകളിലായി എത്തിയ മൂന്നംഗസംഘമാണ് സൂരജിനെ വെട്ടിയത്. അക്രമികള്‍ ഓടിക്കയറുന്നത് കണ്ട് ഷാപ്പിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ജിതേഷിനെ നടുറോഡില്‍ വെട്ടിയത്.

കൈക്കും കാലുകള്‍ക്കും വെട്ടേറ്റ ഇരുവരെയും കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ എത്തിയ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മട്ടന്നൂര്‍ എസ്.ഐ കെ.രാജീവ്കുമാറിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്.

കുറച്ചു മാസങ്ങളായി നെല്ലൂന്നി മേഖലയില്‍ സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇരുവിഭാഗങ്ങളിലെയും പ്രവര്‍ത്തകര്‍ക്ക് വെട്ടേല്‍ക്കുകയും ഓഫീസുകളും വാഹനങ്ങളും തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.