ജിഎസ്ടി 28ല്‍ നിന്ന് 18 ശതമാനമാക്കി; ടൂത്ത് പേസ്റ്റും ഷാംപുവും അടക്കമുള്ള 177 ഉല്‍പ്പന്നങ്ങളുടെ വിലകുറയും

single-img
10 November 2017

177 ഉല്‍പ്പന്നങ്ങളുടെ ചരക്കു സേവന നികുതി (ജിഎസ്ടി) 28 ശതമാനത്തില്‍നിന്നു 18 ശതമാനമായി കുറച്ചു. ഇന്നു ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. 50 ഉല്‍പ്പന്നങ്ങള്‍ക്കു മാത്രം ഇനി ഉയര്‍ന്ന നികുതി നല്‍കിയാല്‍ മതി.

ബാക്കി 177 ഉല്‍പ്പന്നങ്ങള്‍ക്ക് 18 ശതമാനമായിരിക്കും നികുതി. സാധാരണക്കാര്‍ ദിനംപ്രതിയെന്ന കണക്കില്‍ ഉപയോഗിക്കുന്ന ചോക്കലേറ്റ്, ചുയിംഗം, ഷാംപൂ, ഡിയോഡ്രന്റ്, ഷൂ പോളിഷ്, സോപ്പുപൊടി, പോഷക പാനീയങ്ങള്‍, ആഫ്റ്റര്‍ഷേവ് ലോഷന്‍, ഷേവിംഗ് ക്രീം, മാര്‍ബിള്‍, ഗ്രാനൈറ്റ്, സ്‌പ്രേകള്‍, മേക്കപ്പ് സാധനങ്ങള്‍, തുടങ്ങിയവയുടെ നികുതിയാണു കുറച്ചത്.

ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനിടെ ബീഹാര്‍ ധനകാര്യമന്ത്രി സുശീല്‍ മോദിയാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്. പുകയില ഉത്പന്നങ്ങള്‍, സിഗരറ്റ്, കോളകള്‍, വാഷിംഗ് മെഷീന്‍, റഫ്രിജറേറ്റര്‍, എയര്‍കണ്ടീഷണര്‍, പെയിന്റ്, സിമന്റ് എന്നിവയുടെ നികുതിയില്‍ മാറ്റമില്ല.

ഇവയെ 28 ശതമാനം ജിഎസ്ടിയില്‍ തന്നെ നിലനിര്‍ത്തി. റിട്ടേണ്‍ ഫയലിംഗ് വൈകിയാലുള്ള പിഴ ദിവസം 200 രൂപയില്‍നിന്നു 50 രൂപയായും കുറച്ചു. 20,000 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഇതിലൂടെ സര്‍ക്കാരിന് ഉണ്ടാകുക.

ഉത്പന്നങ്ങളുടെ കൂടിയ ജി.എസ്.ടി ഏറെ പരാതികള്‍ സൃഷ്ടിച്ച സാഹചര്യത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ഇരുന്നൂറോളം ഉത്പന്നങ്ങള്‍ക്ക് നികുതി ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

കോണ്‍ഗ്രസ് ഭരണത്തിലുള്ള കര്‍ണാടക, പഞ്ചാബ് കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരി എന്നിവിടങ്ങളിലെ പ്രതിനിധികള്‍ ജി.എസ്.ടി ഘടനയില്‍ സമൂല മാറ്റം വേണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തെ പിന്തുണച്ച് ഡല്‍ഹിയും മറ്റ് ചില സംസ്ഥാനങ്ങളിലെ പ്രതിനിധികളും രംഗത്തെത്തിയിരുന്നു.