ഗുജറാത്തില്‍ ബിജെപി അധികാരമേറുമെന്ന് സര്‍വെ: വോട്ട് ശതമാനം കുറയും

single-img
10 November 2017

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ട് ശതമാനത്തില്‍ വലിയ രീതിയില്‍ കുറവുണ്ടാകുമെന്ന് അഭിപ്രായ സര്‍വേ. എ.ബി.പി സി.എസ്.ഡി.എസ് നടത്തിയ സര്‍വ്വെയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ സര്‍വേയില്‍ ബി.ജെ.പി 113-121 സീറ്റുകള്‍ നേടുമെന്നും കോണ്‍ഗ്രസിന് 58 മുതല്‍ 64 വരെ സീറ്റ് ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബറില്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലെ കണക്കുകളനുസരിച്ച് രണ്ടാംഘട്ട വോട്ടെടുപ്പ് പ്രകാരം ബിജെപിയുടെ സീറ്റ് വിഹിതം ആഗസ്തില്‍ നടത്തിയ സര്‍വേയില്‍ നിന്ന് കുറയുകയാണുണ്ടായത്.

ആഗസ്റ്റില്‍ നടത്തിയ സര്‍വ്വേയില്‍ ബി.ജെ.പിക്ക് 59% വോട്ടു ലഭിക്കുമെന്നാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ പുതിയ സര്‍വ്വേ റിപ്പോര്‍ട്ടില്‍ ബി.ജെ.പിയുടെ വോട്ട് ശതമാനം 47% ആയി കുറയുമെന്നാണ് പറയുന്നത്. ആഗസ്ത് ആദ്യ പകുതിയില്‍ നടത്തിയ സര്‍വേയുടെ ആദ്യ റൗണ്ടില്‍ ബി.ജെ.പി.ക്ക് 30 ശതമാനം വോട്ട് ലഭിച്ചിരുന്നു. ജനങ്ങളുടെ വോട്ടിംഗ് മുന്‍ഗണനയുടെ കാര്യത്തില്‍ ബിജെപി മുന്നിലാണ്. എന്നിരുന്നാലും 6 ശതമാനം വരെ കുറവുണ്ടായി.

സൗരാഷ്ട്രയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും 42 ശതമാനം വോട്ടുനേടുമെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട്. ബി.ജെ.പിയുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന വടക്കന്‍ ഗുജറാത്തില്‍ ബി.ജെ.പിയെക്കാള്‍ ഏഴു ശതമാനമാണ് കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നതെന്നും ബി.ജെ.പിയുടെ വോട്ട് ശതമാനം 44% ആയി കുറയുമെന്നും സര്‍വ്വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

മധ്യ ഗുജറാത്തിലെ പരമ്പരാഗത ശക്തികേന്ദ്രമായ കോണ്‍ഗ്രസില്‍ കുഴപ്പങ്ങള്‍ നേരിടുന്നുണ്ട്. അതിനാലാണ് ബി.ജെ.പി.ക്ക് 16 ശതമാനം വോട്ടിവിടെ ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സൗത്ത് ഗുജറാത്ത് ഇപ്പോള്‍ ബി.ജെ.പി.യിലേക്കുള്ള വഴിയാണെന്നും ഇവിടെ കോണ്‍ഗ്രസിന്റെ 33 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ബിജെപിക്ക് 51 ശതമാനം വോട്ട് ലഭിക്കുമെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.