വിവാദങ്ങൾക്കിടയിൽ കർണ്ണാടകയിൽ ടിപ്പു ജയന്തി ആഘോഷം

single-img
10 November 2017

ബിജെപിയുടേയും സംഘപരിവാറിന്റേയും കടുത്ത എതിർപ്പുകളെ അവഗണിച്ച് കർണ്ണാടകയിൽ ടിപ്പു ജയന്തി ആഘോഷം. പതിനെട്ടാം നൂറ്റാണ്ടിൽ മൈസൂർ ഭരിച്ചിരുന്ന ടിപ്പു സുൽത്താന്റെ ജന്മദിനമായ നവംബർ 10 ടിപ്പു ജയന്തിയായി ആഘോഷിക്കുവാനുള്ള സിദ്ധരാമയ്യ സർക്കാറിന്റെ തീരുമാനത്തിനെതിരേ സംഘപരിവാർ അനുകൂല സംഘടനകൾ രംഗത്തെത്തിയിരുന്നു.

ഔദ്യോഗിക ആഘോഷങ്ങൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാൽപ്പര്യ ഹർജ്ജി കർണ്ണാടക ഹൈക്കോടതി തള്ളിയിരുന്നു. കൊടക് സ്വദേശിയായ മഞ്ജു ചിന്നപ്പ എന്നയാളാണു ഹർജ്ജി സമർപ്പിച്ചത്.

സംഘപരിവാർ സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് സംസ്ഥാനമൊട്ടാകെ വലിയ സുരക്ഷാ സംവിധാനങ്ങളാണു ഏർപ്പാടാക്കിയിരിക്കുന്നത്. സർക്കാരിന്റെ ഔദ്യോഗിക ആഘോഷങ്ങളുടെ ഭാഗമല്ലാത്ത ഒരു പ്രകടനവും അനുവദിക്കില്ലെന്ന് ബംഗളൂരു പോലീസ് കമ്മീഷണർ ടി സുനീൽ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ബംഗളൂരു നഗരത്തിൽ മാത്രം സുരക്ഷയ്ക്കായി 11000 പോലീസുകാരെയാണു വിന്യസിച്ചിരിക്കുന്നത്.

ടിപ്പു ജയന്തി ആഘോഷങ്ങൾക്കെതിരെ ഏറ്റവും ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവന്ന കൊടക് ജില്ലയിൽ 144-ആം വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണു.  കൊടകിലെ മടിക്കേരിയിൽ പ്രതിധേധക്കാർ കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിനു നേരെ കല്ലെറിഞ്ഞതായി എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 150-ലധികം ബിജെപി പ്രവർത്തകരെ ഹൂബ്ലിയിൽ നിന്നും കസ്റ്റഡിയിലെടുത്തു.

അതേസമയം  ആർട്ട് ഓഫ് ലിവിംഗ് ഗുരുവായ ശ്രീ ശ്രീ രവിശങ്കർ ടിപ്പു ജയന്തി ആഘോഷങ്ങളെ പിന്തുണച്ച് രംഗത്തെത്തി.

ബ്രിട്ടീഷുകാർക്കെതിരേ പോരാടി വീരമൃത്യുവരിച്ച ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യ സമര സേനാനിയായ മൈസൂർ കടുവയുടെ ബഹുമാനാർത്ഥമാണു ആഘോഷങ്ങളെന്ന് കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ ട്വിറ്ററിൽക്കുറിച്ചു.