കോക്പിറ്റിലും വിമാനത്തില്‍ ഒറ്റയ്ക്കുള്ളപ്പോഴും പീഡിപ്പിക്കാന്‍ ശ്രമിക്കും; വഴങ്ങാത്തവരെ പരസ്യമായി അധിക്ഷേപിക്കും: പൈലറ്റിനെതിരെ പരാതിയുമായി മലയാളി എയര്‍ഹോസ്റ്റസ്

single-img
10 November 2017

എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി എയര്‍ഹോസ്റ്റസ് രംഗത്ത്. കോക്പിറ്റിലും വിമാനത്തില്‍ ഒറ്റയ്ക്കുള്ളപ്പോഴും തന്നെ ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി തിരുവനന്തപുരം സ്വദേശിയായ എയര്‍ഹോസ്റ്റസാണ് വെളിപ്പെടുത്തല്‍ നടത്തിയത്.

ഇഷ്ടത്തിന് വഴങ്ങാത്തവരെ പരസ്യമായി അധിക്ഷേപിക്കുകയും ക്രൂവില്‍ ഒറ്റയ്ക്കാവുമ്പോള്‍ ശല്യപ്പെടുത്തുന്നതായും ചൂണ്ടിക്കാണിച്ച് എയര്‍ഹോസ്റ്റസ് തിരുവനന്തപുരം വലിയതുറ പൊലീസില്‍ പരാതി നല്‍കി. ജോലി സമയം കഴിഞ്ഞാലും പൈലറ്റിന്റെ ശല്യം തുടരുമെന്നും ഫെയ്‌സ്ബുക് വഴിയും ഇയാള്‍ ശല്യപ്പെടുത്തുന്നുണ്ടെന്നും പീഡനങ്ങളെത്തുടര്‍ന്ന് രാജിവച്ച എയര്‍ഹോസ്റ്റസ് പറയുന്നു.

സെപ്തംബര്‍ 18ന് മറ്റു ജീവനക്കാര്‍ക്കു മുന്നില്‍ അപമാനിതയാക്കിയതോടെയാണ് പ്രതികരിക്കാന്‍ തീരുമാനിച്ചത്. അങ്ങനെയാണ് പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും എയര്‍ഹോസ്റ്റസ് വ്യക്തമാക്കി. സംഭവം കണ്ടുനിന്ന രണ്ടുയാത്രക്കാര്‍ പിന്തുണയുമായെത്തിയതും ധൈര്യമായെന്നും അവര്‍ പറഞ്ഞു.

അതേസമയം പൈലറ്റിനെതിരെ നിരവധി പരാതികള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. ഇതേ പൈലറ്റില്‍ നിന്നുള്ള ദുരനുഭവങ്ങള്‍ നിരവധി ജീവനക്കാര്‍ക്ക് ഉണ്ടായിട്ടുണ്ട്. പരാതികള്‍ കുമിഞ്ഞുകൂടിയിട്ടും പൈലറ്റിനെതിരെ നടപടിയെടുക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് തയ്യാറാവാത്തതിന്റെ ആശങ്കയിലും നിരാശയിലുമാണ് എയര്‍ഹോസ്റ്റസുമാര്‍.

ജോലിസ്ഥലത്തെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വിമാനത്തിലും സുരക്ഷയില്ലെന്നാണ് എയര്‍ഹോസ്റ്റസിന്റെ തുറന്നു പറച്ചിലോടെ പുറത്തുവന്നിരിക്കുന്നത്.

കടപ്പാട് : മനോരമന്യൂസ്