നഴ്‌സുമാരുടെ ശമ്പള വര്‍ധനവിനുള്ള സമിതി രൂപീകരണത്തിന് അംഗീകാരം: ആശുപത്രി മാനേജ്‌മെന്റിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

single-img
9 November 2017

ന്യൂഡല്‍ഹി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. നഴ്‌സുമാരുടെ വേതന വര്‍ദ്ധനവിന് തീരുമാനമെടുത്ത മിനിമം വേതന സമിതിയുടെ ഘടനയെ ചോദ്യം ചെയ്താണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

വേതന പരിഷ്‌കരണത്തിനായുള്ള സമിതിയില്‍ ആശുപത്രി ഉടമകള്‍ക്ക് പ്രാതിനിധ്യം നല്‍കിയില്ലെന്ന് പരാതിയില്‍ ബോധിപ്പിച്ചിരുന്നു. തുടര്‍ന്ന് വേതനസമിതി രൂപീകരിച്ചതിനെ കുറിച്ച് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി വിശദീകരണം തേടിയിരുന്നു.

അസോസിയേഷന്‍ വാദം നിലനില്‍ക്കില്ലെന്നും മിനിമം വേതന സമിതി അംഗങ്ങള്‍ക്കെതിരെ മാനേജ്‌മെന്റുകള്‍ നേരത്തെ എതിര്‍പ്പ് ഉന്നയിച്ചിരുന്നില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഈ വാദം അംഗീകരിച്ച സുപ്രീം കോടതി മാനേജ്‌മെന്റുകളുടെ പ്രതിനിധികള്‍ സമിതിയില്‍ ഉണ്ടെന്ന് നിരീക്ഷിച്ചു കൊണ്ട് ഹര്‍ജി തള്ളിക്കളയുകയായിരുന്നു.

മിനിമം വേതന സമിതിയില്‍ എച്ച്ആര്‍ മാനേജര്‍ അടക്കമുള്ളവര്‍ മാനേജ്‌മെന്റിനെയല്ലേ പ്രതിനിധീകരിക്കുന്നതെന്നും സമിതിയുടെ ഘടനയെപ്പറ്റി പരാതി ഉണ്ടായിരുന്നെങ്കില്‍ എന്ത് കൊണ്ട് സര്‍ക്കാരിനെ സമീപിച്ചില്ലെന്നും കോടതി നേരത്തെ വാദം കേള്‍ക്കുന്ന വേളയില്‍ ചോദിച്ചിരുന്നു.

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളവര്‍ദ്ധനവിന് മുന്‍കാലപ്രാബല്യത്തോടെ അംഗീകാരം നല്‍കി കഴിഞ്ഞ മാസം 19ന് ചേര്‍ന്ന മിനിമം വേതന സമിതിയാണ് തീരുമാനമെടുത്തത്. ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ലേബര്‍ കമ്മീഷണര്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

തുടര്‍ന്നാണ് സമിതിയുടെ ഘടനയെ ചോദ്യം ചെയ്ത് ആശുപത്രി മാനേജ്‌മെന്റ് സുപ്രീംകോടതിയെ സമീപിച്ചത്. 20 കിടക്കകള്‍ക്ക് മുകളിലുള്ള ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് അടിസ്ഥാന ശമ്പളം 20000 രൂപയാക്കി മിനിമം വേതനസമിതി തീരുമാനമെടുത്തിരുന്നു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങുന്നതോടെ കൂടുതല്‍ കിടക്കകളുള്ള വലിയ ആശുപതികളിലെ നഴ്‌സുമാര്‍ക്ക് ആനുപാതികമായി ശമ്പളം വര്‍ദ്ധിക്കും.