സ്ത്രീപീഡകരുടേയും അഴിമതിക്കാരുടേയും കൂടാരമായി മാറിയ കെപിസിസി പിരിച്ചു വിടണമെന്ന് കുമ്മനം രാജശേഖരന്‍

single-img
9 November 2017

തിരുവനന്തപുരം: സ്ത്രീപീഡകരുടേയും അഴിമതിക്കാരുടേയും കൂടാരമായി മാറിയ കെപിസിസി പിരിച്ചു വിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോണ്‍ഗ്രസ് എന്നത് കേരള രാഷ്ടീയത്തിലെ ഏറ്റവും വലിയ അശ്ലീലമായി മാറിയെന്നും ഇതിന്റെ പ്രതീകമായ തിരുവനന്തപുരത്തെ ഇന്ദിരാഭവന്‍ അടച്ചു പൂട്ടാന്‍ അഖിലേന്ത്യാ നേതൃത്വം ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ രാജ്യത്തിന് മുന്നില്‍ അപമാനിച്ച കോണ്‍ഗ്രസ് നേതാക്കള്‍ പൊതു പ്രവര്‍ത്തനം ഉപേക്ഷിച്ച് ജനങ്ങളോട് മാപ്പു പറയണം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയും മന്ത്രിമന്ദിരവുമൊക്കെ വ്യഭിചാരശാലയാക്കി മാറ്റിയവര്‍ പൊതുസമൂഹത്തിന് അപമാനമാണെന്നും കുമ്മനം പറഞ്ഞു.

മഹത്തായ സന്ദേശത്തിന്റെ പ്രതീകമായ ഖദര്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉപേക്ഷിക്കണം. ജുഡീഷ്യല്‍ കമ്മീഷന്‍ കണ്ടെത്തലിനെപ്പറ്റി അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചത് ഒത്തുകളിയുടെ ഭാഗമായാണ്. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നതിന് പകരം വീണ്ടും അന്വേഷിക്കാന്‍ തീരുമാനിച്ചത് കേസ് അട്ടിമറിക്കാനാണെന്നും യു.ഡി.എഫുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും അദ്ദേഹം ആരോപിച്ചു.

സരിതയുടെ വെളിപ്പെടുത്തലില്‍ സത്യമുണ്ടെന്ന് ജുഡീഷ്യല്‍ കമ്മീഷനാണ് കണ്ടെത്തിയത്. അതേപ്പറ്റി വീണ്ടും അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയത് കമ്മീഷനോടുള്ള അവഹേളനമാണ്. ഒത്തുകളിച്ച് ജനങ്ങളെ വഞ്ചിക്കുന്ന ഇരു മുന്നണികള്‍ക്കുമെതിരെ വെള്ളിയാഴ്ച വഞ്ചനാദിനമായി ബിജെപി ആചരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.