ലോക്കോ പൈലറ്റില്ലാതെ തീവണ്ടി എന്‍ജിന്‍ ഓടിയത് 13 കീലോമീറ്റര്‍: ജീവനക്കാരൻ സിനിമാ സ്റ്റൈലിൽ ബൈക്കിൽ പിന്തുടർന്നു ‘പിടികൂടി നിർത്തി’

single-img
9 November 2017

കർണാടകയിലെ കലബുറഗിയിലെ വാദി സ്‌റ്റേഷനിലാണ് ഹോളീവുഡ് സിനിമകളെപ്പോലും വെല്ലുന്ന രംഗങ്ങൾ അരങ്ങേറിയത്. ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് വാടി ജംഗ്ഷനിലെത്തിയ ചെന്നൈ-മുംബൈ തീവണ്ടിയുടെ ഇലക്ട്രിക് എന്‍ജിനാണ് അപകടത്തില്‍ പെട്ടത്. ഇലക്ട്രിക് എന്‍ജിന്‍ മാറ്റി ഡീസല്‍ എന്‍ജിന്‍ ബോഗിയുമായി ബന്ധിപ്പിക്കുന്നതിനിടെയാണ് എന്‍ജിന്‍ മുന്നോട്ട് നീങ്ങിയത്.

ലോക്കോ പൈലറ്റ് ഇറങ്ങിയതിനു പിന്നാലെയായിരുന്നു ഇത്. ഉടൻതന്നെ റെയിൽവേ അധികൃതർ അടുത്തുള്ള സ്റ്റേഷനുകളിൽ വിവരം അറിയിച്ചു. ട്രാക്കുകളിൽനിന്നു മറ്റു ട്രെയിനുകൾ മാറ്റി. എതിരെവരുന്ന ട്രെയിനുകളും പലയിടങ്ങളിൽ പിടിച്ചിട്ടു.

എന്‍ജിന്‍ നീങ്ങിയത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന മറ്റൊരു റെയില്‍വേ ഉദ്യോഗസ്ഥൻ ബൈക്കില്‍ എന്‍ജിനെ പിന്തുടരുകയായിരുന്നുവെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. 30 കിലോമീറ്റര്‍ വേഗതയില്‍ എന്‍ജിന്‍ ഓടിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.

ഒടുവിൽ ഇരുപത് മിനുട്ടിന് ശേഷം 13 കിലോമീറ്റർ അകലെ വച്ച് ട്രെയിനിനെ ബൈക്കിൽ പിന്തുടർന്ന് കൊണ്ടിരുന്ന റെയിൽവേ ജീവനക്കാരന് എഞ്ചിനിനുള്ളിൽ സാഹസികമായി കയറാൻ സാധിച്ചു. പിന്നീട് നൽവാർ സ്‌റ്റേഷനിൽ ട്രെയിൻ നിർത്തിച്ചു.

എന്‍ജിന്‍ എങ്ങനെ നീങ്ങിയെന്നതിനെ കുറിച്ച് റെയില്‍വേ അധികൃതര്‍ക്കും കൃത്യമായ വിവരമില്ല. സംഭവത്തെ കുറിച്ച് റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.