എഎപിയുടെ ക്ഷണം നിരസിച്ച് രഘുറാം രാജന്‍: ‘രാജ്യസഭയിലേക്ക് ഇല്ല’

single-img
9 November 2017

ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലേക്കുള്ള ക്ഷണം നിരസിച്ച് ആര്‍ ബി ഐ മുന്‍ ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍. പത്രക്കുറിപ്പിലൂടെ ചിക്കാഗോ സര്‍വകലാശാലയിലെ അദ്ദേഹത്തിന്റെ ഓഫീസാണ് രാഷ്ട്രീയ പ്രവേശന വാര്‍ത്തകളെ നിഷേധിച്ചത്.

ഡല്‍ഹിയില്‍ നിന്നും ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലൊന്നില്‍ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനെ മത്സരിപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. മൂന്നുപേരെയാണ് ജനുവരിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് രാജ്യസഭയിലേക്കയക്കാവുന്നത്.

ഇതിനായി ആപ് കണ്ടെത്തിയവരുടെ പട്ടികയില്‍ ഒന്നാമതായിരുന്നു രഘുറാം രാജന്റെ സ്ഥാനം. ഇതേത്തുടര്‍ന്നാണ് എം പി സ്ഥാനം സ്വീകരിക്കാന്‍ താത്പര്യമില്ലെന്ന വിശദീകരണവുമായി രഘുറാം രാജന്‍ രംഗത്തെത്തിയിരിക്കുന്നത്. ചിക്കാഗോ സര്‍വകലാശാലയിലെ അധ്യാപക ജോലിയില്‍ തുടരാനാണ് ഉദ്ദേശിക്കുന്നതെന്നും ഇന്ത്യയില്‍ വിവിധ വിദ്യഭ്യാസ പരിപാടികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നതായി എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

രാഷ്ട്രീയക്കാര്‍ക്കു പകരം വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാനാണ് ആപ്പിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.