സോളാര്‍ കേസില്‍ നിലപാട് മയപ്പെടുത്തി സര്‍ക്കാര്‍; ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ പൊതു അന്വേഷണം മാത്രം

single-img
8 November 2017

തിരുവനന്തപുരം: സോളാര്‍ കേസില്‍ സാമ്പത്തിക ആരോപണത്തില്‍ പൊതുവായ അന്വേഷണം മാത്രമെന്ന് നിലപാട് മയപ്പെടുത്തി സര്‍ക്കാര്‍. ജസ്റ്റിസ് അരിജിത്ത് പ്രസാദത്തിന്റെ നിയമോപദേശത്തിന്റെ വെളിച്ചത്തിലാണ് സര്‍ക്കാര്‍ കേസില്‍ നിലപാട് മയപ്പെടുത്തിയത്.

ഏതൊക്കെ കേസില്‍ അന്വേഷണം വേണമെന്ന് പ്രത്യേകം എടുത്തു പറയില്ല. സരിത നായരെ ലൈംഗികമായി ഉപയോഗിച്ചെന്ന പരാതിയിലും കേസ് എടുക്കുന്നത് വൈകും. പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമേ കേസെടുക്കുകയുള്ളൂ. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് പൊതു അന്വേഷണം എന്ന നിലപാടിലേക്ക് എത്തിയത്.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് തുടര്‍ അന്വേഷണം നടത്താല്‍ കഴിഞ്ഞ മാസം 11ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. കോന്നി, പെരുമ്പാവൂര്‍ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ക്രിമിനല്‍ കേസും സാമ്പത്തിക തട്ടിപ്പിനും അഴിമതിക്കുമുള്ള വിജിലന്‍സ് കേസ് പ്രത്യേകമായി എടുക്കാനുമായിരുന്നു തീരുമാനം.

സരിതയെ ലൈംഗികമായി ഉപയോഗിച്ചുവെന്ന പരാതിയില്‍ കത്തില്‍ പേരുള്ളവര്‍ക്കെതിരെയെല്ലാം കേസെടുക്കാനുമായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറങ്ങുന്ന ഘട്ടത്തിലാണ് നിയമപരമായ ചില പഴുതുകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് മുതിര്‍ന്ന അഭിഭാഷകന്‍ അരിജിത്ത് പസായത്തില്‍ നിന്ന് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. അതേസമയം ലൈംഗികാരോപണം സംബന്ധിച്ച പരാതിയില്‍ അന്വേഷണം നടത്തിയതിന് ശേഷമാകും കേസ് എടുക്കുക എന്ന സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമെന്ന് സരിതാ നായര്‍ പ്രതികരിച്ചു.

അന്വേഷണം നടക്കട്ടെയെന്നും മൊഴിയെടുക്കലിനോട് സഹകരിക്കുമെന്നും സരിത നായര്‍ പ്രതികരിച്ചു. സര്‍ക്കാരിന്റെ നിലപാട് പക്വമായ നടപടിയെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വക്കറ്റ് ജയശങ്കര്‍ വിലയിരുത്തി. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആരെയും ശിക്ഷിക്കാന്‍ സാധിക്കില്ലെന്നും അഡ്വക്കറ്റ് ജയശങ്കര്‍ പറഞ്ഞു. അന്വേഷണ ഉത്തരവ് പുറത്തിറങ്ങുന്നതോടെ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരും.