തോമസ് ചാണ്ടിയുടെ നില കൂടുതല്‍ പരുങ്ങലില്‍: തെറ്റ് ചെയ്തവരെ ഇടത് സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് കോടിയേരി; രാജി എഴുതിവാങ്ങണമെന്ന് സുധീരന്‍; ഗൂഢാലോചനയെന്ന് തോമസ് ചാണ്ടി

single-img
8 November 2017

തിരുവനന്തപുരം: കായല്‍ കൈയേറ്റക്കേസില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടിയെടുക്കാത്തതിന് സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചതോടെ മന്ത്രിയുടെ സ്ഥിതി ഒന്നുകൂടി പരുങ്ങലിലാവുകയാണ്. തോമസ് ചാണ്ടിയോട് രാജിവയ്ക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന വിലയിരുത്തലാണ് തിങ്കളാഴ്ചചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായത്. കോടതിയിലോ മറ്റ് അധികാരകേന്ദ്രങ്ങളില്‍ നിന്നോ പ്രതികൂല പരാമര്‍ശമുണ്ടാകുന്ന സാഹചര്യം വന്നാല്‍ അപ്പോള്‍ നോക്കാമെന്നായിരുന്നു ധാരണ. എന്നാലിപ്പോള്‍ കോടതി പരാമര്‍ശം വന്നതോടെ പാര്‍ട്ടിയും മുന്നണിയും എന്ത് നിലപാട് എടുക്കുമെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

സോളാര്‍ വിഷയത്തില്‍ നാളെ നിയമസഭ ചേരാനിരിക്കെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വാളോങ്ങി നില്‍ക്കുന്ന പ്രതിപക്ഷത്തിന് വീണുകിട്ടിയ ആയുധമായും കോടതി പരാമര്‍ശം മാറുകയാണ്. തോമസ് ചാണ്ടി കായല്‍ കൈയേറി നിയമ ലംഘനം നടത്തിയെന്ന ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടും കേസെടുത്ത് നടപടിയിലേക്ക് നീങ്ങാനാവാത്ത പ്രതിസന്ധിയിലായ ഇടതുമുന്നണിയെ ഒന്നുകൂടി ബുദ്ധിമുട്ടിലാക്കുന്നതാണ് കോടതിയുടെ വാക്കാലുള്ള പരാമര്‍ശം.

അതേസമയം തെറ്റ് ചെയ്തവര്‍ ആരായാലും ഇടതുപക്ഷ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആരു തെറ്റ് ചെയ്താലും ശക്തമായ നടപടിയുണ്ടാകും. ഹൈക്കോടതിയുടെ പ്രതികരണത്തെകുറിച്ച് കൂടുതല്‍ പഠിച്ചശേഷം പ്രതികരിക്കാമെന്നും കോടിയേരി കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തരോട് പറഞ്ഞു. സോളാര്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയമസഭയില്‍ വയ്ക്കുന്നതില്‍ ഭയന്നാണ് തോമസ് ചാണ്ടി വിഷയം കുത്തിപ്പൊക്കാന്‍ യുഡിഎഫ് നേതാക്കള്‍ ശ്രമിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കൈയേറ്റവിഷയത്തില്‍ ഹൈക്കോടതി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്നു മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍ ആവശ്യപ്പെട്ടു. തോമസ് ചാണ്ടിക്കു പ്രത്യേക പരിഗണനയോ എന്ന കോടതി പരാമര്‍ശം ഗൗരവമേറിയതാണ്. തോമസ് ചാണ്ടി സ്വയം രാജിവയ്ക്കില്ല. അതിനാല്‍ മുഖ്യമന്ത്രി തോമസ് ചാണ്ടിയുടെ രാജി എഴുതിവാങ്ങണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

അതേസമയം തനിക്കെതിരേ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് മന്ത്രി തോമസ് ചാണ്ടി പ്രതികരിച്ചു. ഇപ്പോള്‍ കോടതിയില്‍ നിന്നും വന്നിരിക്കുന്നത് ചില പരാമര്‍ശങ്ങള്‍ മാത്രമാണ്. തന്റെ പേരിലുള്ള ആരോപണങ്ങളുടെ പേരില്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇക്കാര്യം ഹര്‍ജിയിന്മേല്‍ ഇനി വാദം കേള്‍ക്കുമ്പോള്‍ കോടതിയെ ബോധ്യപ്പെടുത്തും. തന്റെ ഭാഗം കേള്‍ക്കാതെയാണ് ഹൈക്കോടതി ഇപ്പോള്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. തന്നെ ബോധപൂര്‍വം തേജോവധം ചെയ്യാനുള്ള ആസൂത്രിത നീക്കമാണ് ഇതിന് പിന്നില്‍. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ചിലര്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രിയുടെ ഓഫീസ് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയത്തില്‍ തൃശൂരിലെ സിപിഐ നേതാവ് ടിഎന്‍ മുകുന്ദന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് ഇന്ന് ഹൈക്കോടതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനെതിരേ വാക്കാലുള്ള രൂക്ഷ വിമര്‍ശനമുയര്‍ന്നത്. ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, പിഎം രവീന്ദ്രന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിമര്‍ശനം. മന്ത്രി ഭൂമി കൈയേറിയാല്‍ സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുമോയെന്നും സാധാരണക്കാരന്‍ ഭൂമി കൈയേറിയാല്‍ എന്താകും നിലപാടെന്നുമായിരുന്നു കോടതി ചോദിച്ചത്.

പാവപ്പെട്ടവന്‍ ഭൂമി കൈയേറിയാല്‍ സര്‍ക്കാര്‍ അത് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഒഴിപ്പിക്കില്ലെ? കോടതി ചോദിച്ചു. കോടതിക്ക് മന്ത്രിയെന്നോ സാധരണക്കാരനെന്നോ വ്യത്യാസമില്ല. എല്ലാവര്‍ക്കും തുല്യനീതി എന്നതാണ് കോടതിയുടെ നിലപാടെന്നുമായിരുന്നു കോടതി പറഞ്ഞത്. കൈയേറ്റ കേസുകളില്‍ സര്‍ക്കാരിന്റെ പൊതുനിലപാട് എന്താണെന്ന് കോടതി ചോദിച്ചു. സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി കെവി സോഹനോടായിരുന്നു കോടതിയുടെ ചോദ്യങ്ങള്‍. കേസില്‍ അന്വേഷണം തുടങ്ങിയോ എന്ന കോടതിയുടെ ചോദ്യത്തിന് അന്വേഷണം നടക്കുകയാണെന്നും കളക്ടര്‍ ഭാഗികമായ അന്വേഷണം മാത്രമാണ് നടത്തിയതെന്നുമായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ മറുപടി.