ട്രംപിന് നേരെ നടുവിരലുയര്‍ത്തി പ്രതിഷേധിച്ച യുവതിയുടെ പണി പോയി

single-img
7 November 2017

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഹനവ്യൂഹത്തിന് നേരെ നടുവിരല്‍ ഉയര്‍ത്തിക്കാണിച്ച യുവതിയുടെ ജോലി പോയി. ഒക്ടോബര്‍ 28ന് വര്‍ജീനിയയിലൂടെ സൈക്കിളില്‍ പോകുമ്പോള്‍ ജൂലി ബ്രിസ്‌ക്മാന്‍ എന്ന യുവതിയാണ് വിരല്‍പൊക്കി പ്രതിഷേധിച്ചത്.

എഎഫ്പി ഫോട്ടോഗ്രാഫറായ ബ്രണ്ടന്‍ സ്മിയാലോവ്‌സ്‌കി ഈ ചിത്രം പകര്‍ത്തി. പിന്നീട് യുവതി തന്നെ ചിത്രം ട്വിറ്ററിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു. ഇതോടെ വലിയ തോതില്‍ ചിത്രം പ്രചരിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് അകിമ എന്ന കമ്പനിയില്‍ മാര്‍ക്കറ്റിങ് ആന്റ് കമ്യൂണിക്കേഷന്‍സ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ജൂലിയെ കമ്പനി പിരിച്ചുവിട്ടു.

അശ്ലീല ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തെന്ന് പറഞ്ഞാണ് ജൂലിയെ പിരിച്ചുവിട്ടത്. എന്നാല്‍ തന്നെ പിരിച്ചുവിട്ടത് അന്യായമായാണെന്ന് ജൂലി പ്രതികരിച്ചു. ട്രംപ് സര്‍ക്കാരിന്റെ ആരോഗ്യ, ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള നയങ്ങളില്‍ പ്രതിഷേധിച്ചാണ് നടുവിരല്‍ ഉയര്‍ത്തിയതെന്ന് ജൂലി പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ താന്‍ ചിത്രം പോസ്റ്റ് ചെയ്‌തെങ്കിലും താന്‍ ജോലി ചെയ്യുന്ന കമ്പനിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല. കമ്പനിക്ക് മോശം വരുന്ന ഒന്നും താന്‍ ചെയ്തിട്ടില്ല. മാത്രമല്ല ജോലി സമയത്തല്ല താന്‍ പ്രതിഷേധിച്ചതെന്നും ജൂലി വ്യക്തമാക്കി.