തെഹല്‍ക സ്റ്റിംഗ് ഓപറേഷനില്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്ന് ജയ ജയ്റ്റ്‌ലി; തെഹല്‍ക്കയെ സംരക്ഷിക്കാന്‍ സോണിയ ഗാന്ധി ശ്രമിച്ചു

single-img
7 November 2017

ന്യൂഡല്‍ഹി: അടല്‍ ബിഹാരി വാജ്‌പേയി മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ രാജിയില്‍ കലാശിച്ച ഒളികാമറ ഓപ്പറേഷന്‍ നടത്തിയ തെഹല്‍ക്കയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി ഇടപെട്ടതായി ആരോപണം.

സമതാപാര്‍ട്ടി മുന്‍ അദ്ധ്യക്ഷ ജയ ജയ്റ്റ്‌ലിയുടെ ‘ലൈഫ് എമംഗ് ദി സ്‌കോര്‍പിയോണ്‍സ്: മെമ്മോയേഴ്‌സ് ഒഫ് എ വുമണ്‍ ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്‌സ്’ എന്ന പുസ്തകത്തിലാണ് ഈ ആരോപണം. പ്രതിരോധ രംഗത്തെ അഴിമതിയെക്കുറിച്ച് തെഹല്‍ക്കയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പിന്നീടു അധികാരത്തില്‍ എത്തിയ യുപിഎ സര്‍ക്കാര്‍ ഇടപെട്ടുവെന്ന് ജയ ജയ്റ്റ്‌ലി അവകാശപ്പെടുന്നു.

ഫെര്‍ണാണ്ടസിന്റെ രാജിയെ തുടര്‍ന്ന് തെഹല്‍കയ്ക്കും സാമ്പത്തിക ഇടപാടുകാരായ ഫസ്റ്റ് ഗ്ലോബല്‍ ഉടമകള്‍ക്കുമെതിരെ വിവിധ അന്വേഷണ ഏജന്‍സികള്‍ നിരവധി കേസുകള്‍ എടുത്തിരുന്നു. എന്നാല്‍ 2004ല്‍ യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഫസ്റ്റ് ഗ്ലോബല്‍ സെപ്തംബര്‍ 20ന് തീയതിവച്ചുള്ള രണ്ടു പേജുള്ള കത്ത് ദേശീയ ഉപദേശക സമിതി ചെയര്‍പഴ്‌സണ്‍ കൂടിയായ കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് നല്‍കി.

സെപ്തംബര്‍ 25ന് സോണിയ ഗാന്ധി, ധനമന്ത്രി ചിദംബരത്തിന് നല്‍കിയ കത്തില്‍ ‘ധനമന്ത്രാലയത്തിന്റെ കീഴിലുള്ള ചില ഏജന്‍സികളില്‍ നിന്നും ഈ കമ്പനിക്ക് ശല്യം നേരിടുന്നതായും അവര്‍ക്കെതിരെ അന്യായമായ നടപടി പാടില്ലെന്നും നിര്‍ദേശിച്ചതായും ജയ ജയ്റ്റ്‌ലി ആരോപിക്കുന്നു. സോണിയ ഗാന്ധിയുടെ കത്തിന്റെ പകര്‍പ്പും അവര്‍ നല്‍കിയിട്ടുണ്ട്.

ഈ കത്ത് പരിഗണിച്ച് ചിദംബരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് വകുപ്പിനെയും പിടിച്ചുകെട്ടിയെന്നും അതോടെ തെഹല്‍കയ്‌ക്കെതിരായ അന്വേഷണം ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിച്ചുവെന്നും ജയ്റ്റ്‌ലി ആരോപിക്കുന്നു. തെഹല്‍ക ഓപറേഷന്റെ ഫലം അനുഭവിച്ചത് അന്നത്തെ പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസ് ആയിരുന്നു. തെഹല്‍കയ്ക്ക് ഹവാല ഇടപാടിലൂടെയാണ് പണം ലഭിച്ചിരുന്നതെന്നും ജയ പറയുന്നു.