തിരുവനന്തപുരത്ത് ‘മഴ കളിക്കുന്നു’: ഇന്ത്യ ന്യൂസിലാന്‍ഡ് ട്വന്റി-20 റദ്ദാക്കുമോ എന്ന ആശങ്കയില്‍ ആരാധകര്‍

single-img
7 November 2017


അനന്തപുരിയില്‍ വിരുന്നെത്തിയ ആദ്യ രാജ്യാന്തര ട്വന്റി 20 പോരാട്ടത്തിന് മഴ ഭീഷണിയാകുന്നു. മത്സരം നടക്കേണ്ട കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലും സമീപത്തും കനത്തമഴയാണ് പെയ്യുന്നത്. തുലാവര്‍ഷം ആയതിനാല്‍ വളരെ പെട്ടന്ന് ഈ സ്ഥിതിഗതികള്‍ മാറിയേക്കാമെന്ന പ്രതീക്ഷയും ഇവര്‍ പങ്കുവയ്ക്കുന്നു.

രാത്രി ഏഴിനാണ് മല്‍സരം തുടങ്ങേണ്ടത്. അഞ്ചുമണിക്കെങ്കിലും മഴ തോര്‍ന്നാല്‍ മല്‍സരം പൂര്‍ണമായും നടത്താനാകുമെന്നാണ് കെസിഎയുടെ വിലയിരുത്തല്‍. മഴ മാറിയാല്‍ തിരുവനന്തപുരത്ത് ട്വന്റി20 വിരുന്ന് കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഇരുടീമുകളും ഓരോമത്സരം വീതം ജയിച്ചതിനാല്‍ കാര്യവട്ടത്തെ പോരാട്ടത്തിന് കലാശക്കളിയുടെ വീറും വാശിയുമുണ്ട്. ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാകും. ദില്ലിയില്‍ നടന്ന ആദ്യ കളിയില്‍ കിവികളെ 53 റണ്ണിന് തുരത്തി ഇന്ത്യ കരുത്തുകാട്ടി.

രാജ്‌കോട്ടില്‍ കിവികള്‍ തിരിച്ചടിച്ചു. ഇന്ത്യ 40 റണ്ണിന് തോറ്റു. സമീപകാലത്ത് ഒരു പരമ്പരപോലും കൈവിടാതെയാണ് വിരാട് കോഹ്ലിയുടെയും സംഘത്തിന്റെയും കുതിപ്പ്. ആ മികവ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലും തുടരാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ സംഘം.