സൗ​ദി രാ​ജ​കു​മാ​ര​ൻ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

single-img
6 November 2017

യെ​മ​ൻ അ​തി​ർ​ത്തി​യി​ലു​ണ്ടാ​യ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ സൗ​ദി രാ​ജ​കു​മാ​ര​ൻ ‌മ​ൻ​സൂ​ർ ബി​ൻ മു​ക്രി​ൻ മ​രി​ച്ചു. അ​സീ​ർ പ്ര​വി​ശ്യ​യി​ലെ ഉപ​ഗ​വ​ർ​ണ​റാ​ണ് അ​ദ്ദേ​ഹം.

രാജകുമാരനൊപ്പം കൂടെയുണ്ടായിരുന്ന എട്ട് പേരും അപകടത്തില്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അബഹയിൽ നിന്ന്​ 60 കിലോമീറ്റർ അകലെ തീരദേശത്താണ്​ അപകടം. മഹൈല്‍ അസീര്‍ മുനിസിപ്പാലിറ്റിയില്‍ പദ്ധതികളുടെ അവലോകനത്തിന് എത്തിയതായിരുന്നു സംഘം.

സാഹിലിയ മേഖലയില്‍ പരിശോധന പൂര്‍ത്തിയാക്കി സംഘം വൈകീട്ട് ഹെലികോപ്റ്ററില്‍ കയറി. ഇതിന്റെയെല്ലാം ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. പറന്നുയര്‍ന്ന് മടങ്ങുമ്പോള്‍ ഹെലികോപ്റ്റര്‍ റഡാറില്‍ നിന്നും അപ്രത്യക്ഷമായി. പിന്നീട് യമന്‍ അതിര്‍ത്തിയോടടുത്ത അബഹയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണതായി കണ്ടെത്തുകയായിരുന്നു. അപകട കാരണം വ്യക്തമല്ല.

അസീർ മേഖല ഡെപ്യൂട്ടി ഗവർണർ അമീർ മൻസൂർ ബിൻ മുഖ്​റിന് പുറമെ അസീർ മേഖല മേയർ, ഗവർണറേറ്റ്​ അണ്ടർ സെക്രട്ടറി, മാനേജർ തുടങ്ങിയവരടക്കം 8 പേര്‍ കൂടെയുണ്ടായിരുന്നു. ആരെയും രക്ഷപ്പെടുത്താനായിട്ടില്ല. എല്ലാവരും മരിച്ചതായാണ്​ അനൗദ്യോഗിക വിവരം.

ഹെലികോപ്ടർ കാണാതായെന്ന്​ നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. മേഖലയില്‍ ഹെലികോപ്റ്റര്‍ അവശിഷ്ടങ്ങള്‍ മാത്രമാണ് കണ്ടെത്താനായത്. 2015 ഏപ്രിലില്‍ കിരീടാവകാശിയായിരുന്ന മുഖ്‍രിന്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ മകനാണ് മരിച്ച അമീര്‍ മന്‍സൂര്‍.