ബി.ജെ.പിയുടെ ശക്തികേന്ദ്രത്തില്‍ രാഹുല്‍ ഗാന്ധിയുടെ റാലിക്ക് വന്‍ജനക്കൂട്ടം; പാര്‍ട്ടി നേതാക്കള്‍ ഞെട്ടലില്‍

single-img
6 November 2017

തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി ഗുജറാത്തില്‍ ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ സൂറത്തില്‍ രാഹുല്‍ഗാന്ധി പങ്കെടുത്ത പൊതുയോഗത്തില്‍ വന്‍ജനപങ്കാളിത്തം. വാരാച്ചയില്‍ കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടെ കോണ്‍ഗ്രസിന്റെ ഒരു പൊതുയോഗത്തില്‍ ഇത്രയധികം ആളുകള്‍ എത്തുന്നത് ആദ്യമായാണെന്ന് ബി.ജെ.പിയുടെ പ്രാദേശിക നേതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്.

ദീപാവലി അവധിയുടെ ഭാഗമായി സൂറത്തിലെ കടകളേറെയും അടഞ്ഞുകിടക്കുകയായിരുന്നു. ഈ സാഹചര്യത്തിലും രാഹുലിന്റെ റാലിയില്‍ ഇത്രയേറെ പങ്കാളിത്തമുണ്ടായത് ബി.ജെ.പിയെ ഏറെ അസ്വസ്ഥരാക്കുന്നുണ്ട്. ജി.എസ്.ടി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രദേശവാസികള്‍ക്ക് ബി.ജെ.പിയോടുള്ള അതൃപ്തിയാണ് ഇതിലൂടെ പ്രകടമാകുന്നത് എന്നാണ് വിലയിരുത്തല്‍.

അതേസമയം സൂറത്തില്‍ പാര്‍ട്ടിക്കു ലഭിച്ച തിരിച്ചടിയെ പ്രതിരോധിക്കാന്‍ സോഷ്യല്‍ മീഡിയകള്‍ വഴി ചില വ്യാജപ്രചരണങ്ങളുമായി ബി.ജെ.പി രംഗത്തുവന്നിരുന്നു. രാഹുലിന്റെ പൊതുയോഗത്തില്‍ ‘ബി.ജെ.പി, ബി.ജെ.പി’ മുദ്രാവാക്യം വിളി ഉയരുന്നതിന്റെ വീഡിയോകളാണ് പ്രചരിപ്പിച്ചത്.

എന്നാല്‍ അങ്ങനെയൊരു സംഭവം റാലിയ്ക്കിടെ ഉണ്ടായിട്ടില്ലെന്നാണ് പൊതുയോഗ വേദിയിലുണ്ടായവരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നത്.