ബിജെപിയില്‍ കുമ്മനം വിഭാഗം പിടിമുറുക്കി; കെ. സുരേന്ദ്രനെ ഒഴിവാക്കി

single-img
6 November 2017

സംസ്ഥാന ബി.ജെ.പിയില്‍ കുമ്മനം രാജശേഖരനെ അനുകൂലിക്കുന്ന വിഭാഗം പിടിമുറുക്കുന്നു. പാര്‍ട്ടിയുടെ വിവിധ മോര്‍ച്ചകളുടെയും ജില്ലാകമ്മിറ്റികളുടെയും ചുമതലകള്‍ പുതുക്കി നിശ്ചയിച്ചപ്പോള്‍ കുമ്മനത്തെ അനുകൂലിക്കുന്നവര്‍ക്കാണ് മേല്‍ക്കൈ.

ആലപ്പുഴയില്‍ സമാപിച്ച സംസ്ഥാനസമിതി യോഗത്തില്‍ കുമ്മനമാണ് പുതിയ പട്ടിക അവതരിപ്പിച്ചത്. യുവമോര്‍ച്ചയുടെ ചുമതലയില്‍ നിന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ ഒഴിവാക്കി എകരം എം.ടി രമേശിനെ നിയോഗിച്ചു. പാര്‍ട്ടി ആസ്ഥാനം ഉള്‍പ്പെടെ ദക്ഷിണമേഖലയുടെ ചുമതല ഉണ്ടായിരുന്ന കെ.സുരേന്ദ്രനെ വടക്കന്‍ മേഖലയിലേയ്ക്ക് മാറ്റി കര്‍ഷക മോര്‍ച്ചയുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.

യുവമോര്‍ച്ചയ്‌ക്കൊപ്പം മധ്യമേഖല ഒ.ബി.സി മോര്‍ച്ച എന്നിവയുടെ ചുമതലകൂടി എം.ടി രമേശിന് നല്‍കിയിട്ടുണ്ട്. കുമ്മനത്തിന്റെ വിശ്വസ്തനായ വ്യക്തിയെന്ന് കണക്കാക്കപ്പെടുന്ന രമേശിനൊപ്പമാണ് പാര്‍ട്ടിയെന്ന് ഉറപ്പിക്കുന്ന മാറ്റങ്ങളാണ് സംഘടനാ ചുമതലയില്‍ നടന്നിരിക്കുന്നത്. പാര്‍ട്ടിയുടെ സംസ്ഥാന ആസ്ഥാനത്തിന്റെ ചുമതലയും നിലവില്‍ രമേശിനാണ്.

ജനരക്ഷായാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളും വേങ്ങര ഉപതിരഞ്ഞെടുപ്പിലെ മോശം പ്രകടനവും സംസ്ഥാന സമിതിയോഗത്തില്‍ വിമര്‍ശനത്തിന് കാരണമായെങ്കിലും കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തിനൊപ്പമാണെന്നാണ് അഴിച്ചുപണി വെളിപ്പെടുത്തുന്നത്.

സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാക്കളായി ഹരി എസ്. കര്‍ത്ത, ആര്‍. സന്ദീപ്, മോഹനചന്ദ്രന്‍ നായര്‍, ആനന്ദ് എസ്. നായര്‍ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. ഇവരില്‍ മൂന്നുപേര്‍ കുമ്മനത്തെ പിന്തുണയ്ക്കുന്നവരാണ്. ന്യൂനപക്ഷമോര്‍ച്ചയുടെ ചുമതല സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനാണ്. മഹിളാമോര്‍ച്ചയുടെ ചുമതല ശോഭാ സുരേന്ദ്രന് നല്‍കി.