തിരുവനന്തപുരത്ത് കനത്ത മഴ; നാളത്തെ ട്വന്റി-20 മല്‍സരത്തിനും മഴഭീഷണി; ഔട്ട്ഫീല്‍ഡില്‍ വെള്ളം നിറഞ്ഞു; ആരാധകര്‍ ആശങ്കയില്‍

single-img
6 November 2017

ഇന്ത്യ ന്യൂസീലന്‍ഡ് ട്വന്റി-20 പരമ്പരയിലെ അവസാന മത്സരത്തിന് വേദിയാകുന്ന തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മഴഭീഷണി. നാളെ ഉച്ചയ്ക്കു മൂന്നിനും വൈകിട്ട് അഞ്ചിനും ഏഴിനും മഴ പെയ്‌തേക്കാമെന്നാണ് സ്വകാര്യ കാലാവസ്ഥാ വെബ്‌സൈറ്റുകളിലെ മുന്നറിയിപ്പ്.

തിരുവനന്തപുരത്തു രണ്ടുദിവസമായി വിട്ടുമാറാതെ തുലാമഴ പെയ്യുകയാണ്. ഔട്ട്ഫീല്‍ഡില്‍ വെള്ളം നിറഞ്ഞ അവസ്ഥയാണ്. എന്നിരുന്നാലും കനത്ത മഴ പെയ്താലും വെള്ളം കെട്ടിനില്‍ക്കാത്ത ഫിഷ് പോണ്ട് ഡ്രെയിനേജ് സംവിധാനമാണു സ്റ്റേഡിയത്തിലുള്ളത്. പിച്ചുകള്‍ പൂര്‍ണമായി മൂടിയിട്ടുണ്ട്.

അതിനിടെ ഇന്ത്യ ന്യൂസീലന്‍ഡ് മല്‍സരം നാളെ രാത്രി ഏഴിനാണെങ്കിലും കാര്യവട്ടം സ്‌പോര്‍ട്ട്‌സ് ഹബ്ബും പരിസരവും ക്രിക്കറ്റ് ലഹരിയിലായി. ഓണ്‍ലൈന്‍ ടിക്കറ്റ് മാറ്റാനും മറ്റുമായി ക്രിക്കറ്റ് ആരാധകര്‍ എത്തിക്കാണ്ടിരിക്കുകയാണ്. ടിക്കറ്റ് കിട്ടാത്തതിന്റെ നിരാശയിലാണ് മറ്റു ചിലര്‍.

ചൊവ്വാഴ്ച വൈകുന്നേരം നാലു മുതല്‍ സ്റ്റേഡിയത്തിലേക്ക് കാണികള്‍ക്ക് പ്രവേശിക്കാം. 45,000 ത്തോളം കാണികള്‍ക്കാണ് സ്റ്റേഡിയത്തില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഇതിനോടകം മത്സരത്തിന്റെ മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിച്ചിരുന്നു. ഓണ്‍ലൈനിലൂടെ മാത്രം 20,000 ത്തോളം ടിക്കറ്റുകളാണ് വിറ്റത്.

അതേസമയം ഗ്രീന്‍ഫീള്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നാളെ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് മത്സരം കാണാനെത്തുന്ന ആരാധകര്‍ക്ക് വലിയ നിയന്ത്രണമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. പ്രവേശന പാസ് ഇല്ലാത്ത ആരും സ്റ്റേഡിയത്തിലേക്ക് എത്തരുതെന്നും ഇങ്ങനെ എത്തുന്നവരെ ഒരു കാരണവശാലും ഉള്ളിലേക്ക് കടത്തി വിടില്ലെന്നുമാണ് പൊലീസിന്റെ തീരുമാനം.

കൂടാതെ പ്‌ളാസ്റ്റിക് കുപ്പികള്‍, വടി, കൊടിതോരണങ്ങള്‍, പടക്കങ്ങള്‍, ബീഡി, സിഗരറ്റ്, തീപ്പട്ടി ഒന്നും തന്നെ സ്റ്റേഡിയത്തിലേക്ക് കൊണ്ട് പോകാന്‍ അനുവധിക്കില്ല. മൊൈബല്‍ ഫോണ്‍ മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കു. മദ്യപിച്ചോ മറ്റ് ലഹരിവസ്തുക്കളോ ഉപയോഗിച്ചെത്തുന്നവരെയും പൊലിസ് കടത്തിവിടില്ല.

മാത്രമല്ല ഭക്ഷണസാധനങ്ങളോ വെള്ളമോ പുറത്ത് നിന്ന് കൊണ്ട് വരാന്‍ അനുവദിക്കില്ല. പ്രധാന കവാടത്തിലൊരുക്കിയിരിക്കുന്ന പ്രത്യേക പരിശോധനക്ക് ശേഷമെ ആരാധകര്‍ക്ക് പ്രവേശനമനുവധിക്കു. ഇതിന് വേണ്ടി മാത്രം150 പൊലിസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.

ദേശീയ പാതയില്‍ നിന്ന് കാര്‍പാസ് ഉള്ള വാഹനങ്ങള്‍ മാത്രമേ സ്റ്റേഡിയത്തിലേക്ക് കടത്തിവിടു. കളികാണാന്‍ എത്തുന്നവര്‍ കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാംമ്പസ് LNCP മൈതാനം, കാര്യവട്ടം സര്‍ക്കാര്‍ കോളേജ്, കാര്യവട്ടം ബി എഡ് സെന്റര്‍ എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം.

ഇരുചക്രവാഹനങ്ങള്‍ക്ക് വേണ്ടി സ്റ്റേഡിയത്തിന്റെ പടിഞ്ഞാറെ റോഡില്‍ മൂന്ന് ഗ്രൗണ്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ അന്നേദിവസം ശ്രീകാര്യം മുതലുള്ള ദേശീയ പാതയില്‍ കനത്ത ഗതാഗത നിയന്ത്രണവും പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.