തകര്‍പ്പന്‍ ഓഫറുമായി ബിഎസ്എന്‍എല്‍: 44 രൂപ റീച്ചാര്‍ജില്‍ 500എംബിയും ടോക്ക് ടൈമും

single-img
6 November 2017

44 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനുമായി ബിഎസ്എന്‍എല്‍. സാധാരണക്കാരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ടു കൊണ്ട് ബിഎസ്എന്‍എല്ലിന്റെ പുതിയ ദീപം പ്ലാനിന് തുടക്കം കുറിച്ചു. തിരുവനന്തപുരത്ത് ബി.എസ്.എന്‍ എല്‍ കേരള ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് നടന്ന ചടങ്ങില്‍ ഡോ. എ.പി.ജെ അബ്ദുല്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ: കുഞ്ചേറിയ പി. ഐസക് പദ്ധതി ഉദ്ഘാടനം ചെയ്തു.

‘ദീപം’ എന്ന പ്ലാനില്‍ ഇന്ത്യയിലെവിടേക്കും റോമിങ്ങില്‍ ഉള്‍പ്പെടെ ബിഎസ്എന്‍എല്‍ കോളുകള്‍ക്കു സെക്കന്‍ഡിന് ഒരു പൈസയും മറ്റു കോളുകള്‍ക്കു സെക്കന്‍ഡിനു 1.2 പൈസയുമാണു നിരക്ക്. ഇരുപതു രൂപയുടെ സംസാരമൂല്യവും ആദ്യ മാസം 500 എംബി ഡേറ്റയും സൗജന്യമായി ലഭിക്കും. 10 കെബിക്ക് ഒരു പൈസ എന്നതാണ് ഡേറ്റാ നിരക്ക്. 180 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി.

110, 200, 500, 1000 എന്നീ ടോപ്അപ്പുകള്‍ക്ക് മുഴുവന്‍ സംസാരമൂല്യം ലഭിക്കും. ഫ്രണ്ട്‌സ് ആന്‍ഡ് ഫാമിലി സ്‌കീം പ്രകാരം ഏതെങ്കിലും നാലു ലോക്കല്‍ നമ്പരുകളിലേക്കു ബിഎസ്എന്‍എല്‍ നമ്പരിനു മിനിറ്റിനു 20 പൈസ നിരക്കിലും മറ്റു നമ്പരുകളിലേക്കു മിനിറ്റിനു 30 പൈസ നിരക്കിലും വിളിക്കാം. മറ്റു പ്രീപെയ്ഡ് പ്ലാനുകളില്‍നിന്ന് ദീപം പ്ലാനിലേക്കു മാറാനും സൗകര്യമുണ്ട്.

പ്ലാന്‍ മാറുന്നതിന് 123 എന്ന നമ്പറിലേക്ക് PLAN DEEPAM എന്ന് എസ്എംഎസ് അയച്ചാല്‍ മതി. കേരളത്തില്‍ ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനുകളിലെ ഏറ്റവും ആകര്‍ഷകവും മികച്ചതുമായ ഒന്നാണിതെന്നു ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ.പി.ടി.മാത്യു പറഞ്ഞു.

സംസ്ഥാനത്ത് നിലവില്‍ ഒരു കോടി ഒന്നേകാല്‍ ലക്ഷം പേരാണ് ബിഎസ്എന്‍എല്‍ ഉപയോഗിക്കുന്നത്. ഇതില്‍ 65 % ഉപഭോക്താക്കള്‍ ഡേറ്റ ഉപയോഗിക്കുന്നില്ല. 79 % ഫോണ്‍ വിളിക്കുന്നതിന് വേണ്ടിയാണ് തുക ചെലവിടുന്നത്. അവരെ ലക്ഷ്യമിട്ടാണ് ദീപം പ്ലാന്‍ അവതരിപ്പിക്കുന്നതെന്ന് കേരള ജനറല്‍ മാനേജര്‍ ഡോ. എസ്. ജ്യോതിശങ്കര്‍ അറിയിച്ചു.