കൊലപാതക ഭീഷണിയെ പരിഹസിച്ച് കമല്‍ഹാസന്‍: ‘ജയിലില്‍ സ്ഥലമില്ലാത്തത് കൊണ്ടാണോ വെടിവെച്ച് കൊല്ലുന്നത്’

single-img
5 November 2017

ലക്‌നൗ: വെടിവച്ച് കൊല്ലുകയോ തൂക്കിലേറ്റുകയോ ചെയ്യണമെന്ന അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ആഹ്വാനത്തോട് രൂക്ഷമായി പ്രതികരിച്ച് കമല്‍ഹാസന്‍. അവരെ ചോദ്യം ചെയ്താല്‍ നമ്മളെ അവര്‍ ദേശവിരുദ്ധരെന്ന് മുദ്രകുത്തി ജയിലിലടക്കും. ഇപ്പോള്‍ ജയിലില്‍ സ്ഥലമില്ലാത്തത് കൊണ്ടാണോ വെടിവെച്ച് കൊല്ലണമെന്ന് ആവശ്യപ്പെടുന്നതെന്ന് കമല്‍ ചോദിച്ചു.

ഹിന്ദു തീവ്രവാദം യാഥാര്‍ത്ഥ്യമാണെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് കമല്‍ഹാസനെ വെടിവച്ച് കൊല്ലണമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ നേതാവ് അശോക് ശര്‍മ ആഹ്വാനം ചെയ്തത്. കമല്‍ഹാസന്റെ ആരോപണങ്ങള്‍ ഹിന്ദുത്വത്തിനെതിരാണെന്നും അശോക് ശര്‍മ ആരോപിച്ചു.

കമല്‍ഹാസന്റെയും ശ്രുതി ഹാസന്റെയും ചിത്രങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും അഖില ഭാരതീയ ഹിന്ദു മഹാസഭ പറഞ്ഞിരുന്നു. അതേസമയം കമല്‍ഹാസന് എതിരെയുള്ള പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് നിരവധി പേരാണ് നടന് പിന്തുണയുമായി എത്തിയത്.

കൊലപാതക ഉന്മൂലന ആഹ്വാനവുമായി അഴിഞ്ഞാടുന്ന ഫാസിസ്റ്റ് മനസ്സുള്ള മത വര്‍ഗീയ ശക്തികളെ നിയമപരമായി നേരിടണമെന്നും കമല്‍ഹാസന് നേരെ വധഭീഷണി മുഴക്കിയവരെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മഹാത്മജിക്കും ഗോവിന്ദ് പന്‍സാരെ, ധാബോല്‍ക്കര്‍, കലബുര്‍ഗി, ഗൗരി ലങ്കേഷ് എന്നീ മഹദ് ജീവിതങ്ങള്‍ക്കും എന്ത് സംഭവിച്ചു എന്ന് ഈ രാഷ്ട്രത്തിനറിയാം. ആ ശ്രേണിയിലേക്ക് ഇനിയും പേരുകള്‍ കൂട്ടിച്ചേര്‍ക്കാനുള്ള ഏതു നീക്കവും ചെറുക്കപ്പെടണമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.