തോമസ് ചാണ്ടിയെ അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ മുഖ്യമന്ത്രി അനുവദിക്കരുതെന്ന് എം.എം. ഹസന്‍.

single-img
4 November 2017

തിരുവനന്തപുരം: വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍ മന്ത്രി തോമസ് ചാണ്ടിയെ അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ മുഖ്യമന്ത്രി അനുവദിക്കരുതെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസന്‍. മന്ത്രിയെ എങ്ങനെയെങ്കിലും രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ അവസാന ശ്രമവും പാഴായിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സര്‍ക്കാരിന്റെ വാദങ്ങള്‍ വിജിലന്‍സ് കോടതി പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. അഴിമതിക്കെതിരെയും, ഭൂമാഫിയക്കെതിരേയും ഘോരഘോരം പ്രസംഗിച്ച് അധികാരത്തില്‍ വന്ന സര്‍ക്കാരാണിത്. പ്രകടന പത്രികയില്‍ ഇക്കാര്യങ്ങളൊക്കെ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളോടു നല്‍കിയ വാഗ്ദാനം പാലിക്കാനുള്ള ഇച്ഛാശക്തിയാണ് മുഖ്യമന്ത്രി കാട്ടേണ്ടതെന്നും എം.എം ഹസന്‍ പറഞ്ഞു.

പിണറായി വിജയന്റെ മുന്നില്‍ മുട്ടിടിച്ച് നില്‍ക്കുന്ന സി.പി.ഐയെ കാണുമ്പോള്‍ സഹതാപം തോന്നുന്നു. അവരുടെ ദേശീയ സെക്രട്ടറി അഴിമതിക്കാരനാണെന്ന് മന്ത്രി തോമസ് ചാണ്ടി പരസ്യമായി പറഞ്ഞിട്ടും ഒന്നും ചെയ്യാനാവാതെ അവര്‍ തലയും പൂഴ്ത്തിയിരിക്കുകയാണ്. ഇങ്ങനെ പോയാല്‍ മുഴുവന്‍ സി.പി.ഐക്കാരും തലയില്‍ മുണ്ടിടേണ്ടിവരുമെന്ന് എം.എം. ഹസന്‍ പറഞ്ഞു.