അദാനിയുടെ കൽക്കരി ഖനി പദ്ധതിയ്ക്ക് ഓസ്ട്രേലിയയിൽ തിരിച്ചടി: ലോൺ നിഷേധിക്കാൻ വീറ്റോ ഉപയോഗിക്കുമെന്ന് ക്വീൻസ് ലാൻഡ് പ്രീമിയർ

single-img
4 November 2017

പ്രമുഖ ഇന്ത്യൻ വ്യവസായി ഗൌതം അദാനിയുടെ കൽക്കരി ഖനി പദ്ധതിയ്ക്ക് ഓസ്ട്രേലിയയിൽ വൻ തിരിച്ചടി. പദ്ധതിയ്ക്ക് ഓസ്ട്രേലിയൻ സർക്കാരിൽ നിന്നും അനുവദിക്കാനിരുന്ന ലോൺ തന്റെ വീറ്റോ അധികാരം ഉപയോഗിച്ച് തടയുമെന്ന് ക്വീൻസ് ലാൻഡ് സംസ്ഥാനത്തിന്റെ പ്രീമിയർ (മുഖ്യമന്ത്രി) ആനസ്തേഷ്യ പാലഷൂക്ക് പ്രഖ്യാപിച്ചു. പ്രതിപക്ഷ പാർട്ടികളുടെ കടുത്ത എതിർപ്പിനെത്തുടർന്നാണു ഈ തീരുമാനം.

കൽക്കരി ഖനി പ്രദേശത്തു നിന്നും തുറമുഖം വരെ റെയിൽവേ നിർമ്മിക്കുന്നതിനുവേണ്ടി ഓസ്ട്രേലിയൻ സർക്കാർ അനുവദിച്ച 90 കോടി ഓസ്ട്രേലിയൻ ഡോളർ ( ഏകദേശം 4500 കോടി ഇന്ത്യൻ രൂപ) വരുന്ന ലോൺ ആണു വീറ്റോ അധികാരം ഉപയോഗിച്ചു തടയുമെന്ന് ആനസ്തേഷ്യ പാലഷൂക്ക് പ്രഖ്യാപിച്ചത്.

ഗൌതം അദാനിയുടെ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കാർമിഖായേൽ കൽക്കരി ഖനി പദ്ധതി ഒരു “കാർബൺ ടൈം ബോംബ്” ആണെന്നാണു പരിസ്ഥിതി പ്രവർത്തകർ വിലയിരുത്തുന്നത്.  പ്രദേശത്തെ കൽക്കരി മുഴുവൻ വേർതിരിച്ച് ഇന്ധനമായി ഉപയോഗിച്ചാൽ അത് ആഗോളതാപനത്തിനും അതുവഴി ശരാശരി അന്തരീക്ഷ താപനില 2 ഡിഗ്രി വരെ ഉയരുന്നതിനും കാരണമാകുമെന്നും പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു. അന്തരീക്ഷത്തിൽ 770 കോടി ടൺ ഹരിതഗേഹ വാതകങ്ങൾ വർദ്ധിക്കാൻ ഇതു കാരണമാകും.

പദ്ധതി പ്രദേശത്തിനടുത്തുള്ള ഗ്രേറ്റ് ബാരിയർ റീഫിനു ഇതു വലിയ നാശമുണ്ടാക്കുമെന്നത് നേരത്തേ തന്നെ വിലയിരുത്തപ്പെട്ടിട്ടുള്ളതാണു. പദ്ധതി പ്രദേശത്ത് മാത്രം കാണപ്പെടുന്നതും വംശനാശ ഭീഷണി നേരിടുന്നവയുമായ യക്കാ സ്കിങ്ക് എന്നയിനം ഓന്ത്, ഓർണമെന്റൽ സ്നേക്ക് എന്നയിനം പാമ്പ് തുടങ്ങിയ ജീവികൾ ഭൂമുഖത്തുനിന്നുതന്നെ ഇല്ലാതാകുവാനും ഈ പദ്ധതി കാരണമാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

ക്വീൻസ് ലാൻഡ് പ്രീമിയറുടെ ജീവിതപങ്കാളിയായ ഷോൺ ഡ്രാബ്ഷ് അദാനിയുടെ കമ്പനിയ്ക്ക് ലോൺ അനുവദിക്കാൻ സഹായിച്ച പി ഡബ്ല്യു സി എന്ന കമ്പനിയുടെ ഇൻഫ്രാസ്ട്രക്ചർ അഡ്വൈസറി ഡയറക്ടർ ആയിരുന്നു എന്നത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ പ്രസ്തുത ലോണിൽ തന്റെ ഒരു ഇടപെടലും ഇല്ലെന്നും ഓസ്ട്രേലിയൻ ഫെഡറൽ സർക്കാരാണു അത് തീരുമാനിക്കുന്നതെന്നു വിശദീകരിച്ച പാലഷൂക്ക് ലോൺ അനുവദിക്കുന്നതിനെതിരെ തന്റെ വീറ്റോ അധികാരം ഉപയോഗിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. അദാനിയുടെ പദ്ധതിയെ സഹായിക്കുന്ന നിലപാടായിരുന്നു ഇവർ ആദ്യം സ്വീകരിച്ചിരുന്നത്.

ലോൺ ലഭിക്കാതെ വരുന്നത് അദാനി ഗ്രൂപ്പിനു സാമ്പത്തികമായി വലിയ തിരിച്ചടികൾ ഉണ്ടാക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്. നിലവിലെ സാഹചര്യത്തിൽ ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള China Machinery Engineering Corporation (CMEC) എന്ന സ്ഥാപനവുമായി ലോണിനായി അദാനി ചർച്ച നടത്തുവാൻ സാ‍ധ്യതയുണ്ടെന്നാണു റിപ്പോർട്ടുകൾ.