ഗെയില്‍ വിരുദ്ധ സമരസമിതിയുടെ യോഗം ഇന്ന്;നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാതെ സര്‍വകക്ഷി യോഗത്തിനില്ലെന്ന് സമര സമിതി

single-img
4 November 2017

കോഴിക്കോട് : മുക്കത്ത് നടക്കുന്ന ഗെയ്ല്‍ വിരുദ്ധ സമരം ശക്തമായ സാഹചര്യത്തില്‍ ഗെയില്‍ വിരുദ്ധ സമരസമിതി ഇന്ന് യോഗം ചേരും. എം ഐ ഷാനവാസ് എംപിയുടെ നേതൃത്വത്തില്‍ രാവിലെ പതിനൊന്ന് മണിക്കാണ് യോഗം. കാരശ്ശേരി സഹകരണബാങ്ക് ഓഡിറ്റോറിയത്തിലാണ് യോഗം ചേരുന്നത്. സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്ച കോഴിക്കോട് കളക്ടറേറ്റില്‍ സര്‍വകക്ഷിയോഗം വിളിച്ച സാഹചര്യത്തിലാണ് യോഗം.

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം വ്യവസായമന്ത്രി എ സി മൊയ്തീനാണ് യോഗം വിളിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലിന് നടക്കുന്ന യോഗത്തില്‍ മന്ത്രി എ സി മൊയ്തീനും പങ്കെടുക്കും. സര്‍വകക്ഷി യോഗത്തില്‍ ഉന്നയിക്കേണ്ട കാര്യങ്ങള്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനിക്കും. അതേ സമയം പൈപ്പിടല്‍ ജോലികള്‍ നിര്‍ത്തിവെക്കാതെ ചര്‍ച്ച കൊണ്ട് ഫലമില്ലെന്ന നിലപാടിലാണ് സമരസമിതി. അലൈന്‍മെന്റ് മാറ്റാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.

ഗെയ്ല്‍ വാതക പൈപ്പിടല്‍ ജനവാസ മേഖലയില്‍ കൂടിയാകരുതെന്നും സമരസമിതി നേതാക്കള്‍ ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ നിശ്ചയിച്ചതിലും കൂടുതല്‍ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്ന് ഗെയില്‍ അധികൃതര്‍ സൂചിപ്പിച്ചു. ഭൂമിയുടെ ന്യായവിലയുടെ 50 ശതമാനമാണ് നിലവിലെ നഷ്ടപരിഹാരം. ഇത് ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ തങ്ങള്‍ അതിനും തയ്യാറാണെന്ന് ഗെയില്‍ അധികൃതര്‍ അറിയിച്ചു.

അതേസമയം, ഗെയ്ല്‍ പൈപ്പ് ലൈന്‍ സുരക്ഷാ വിഷയത്തില്‍ ഹൈക്കോടതി നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ നടപടി തുടങ്ങുന്നതിന് മുന്‍പ് പൈപ്പിടല്‍ പൂര്‍ത്തിയാക്കാനാണ് ഗെയ്ല്‍ അധികൃതരുടെ നീക്കമെന്ന ആരോപണവും ഉണ്ട്. എന്ത് വിലകൊടുത്തും നിര്‍ദിഷ്ട പ്രദേശത്ത് പൈപ്പിടല്‍ പൂര്‍ത്തിയാക്കിയതിന് ശേഷം കോടതി നടപടികളുമായി മുന്നോട്ട് പോകാമെന്ന തന്ത്രമാണ് ഗെയ്ല്‍ നടപ്പിലാക്കുന്നത്.