കനത്ത മഴയില്‍ ചെന്നൈ നഗരം സ്തംഭിച്ചു; സ്‌കൂളുകള്‍ക്ക് ഇന്നും അവധി; ആളുകള്‍ പുറത്തിറങ്ങരുതെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി

single-img
3 November 2017

ചെന്നൈ: ഇന്നലെ അഞ്ച് മണിക്കൂറോളം നിറുത്താതെ പെയ്ത മഴയില്‍ ചെന്നൈ നഗരം ഏതാണ്ട് സ്തംഭിച്ച നിലയില്‍. ചെന്നൈ നഗരത്തിന്റെ പ്രധാന റോഡുകള്‍ പലതും വെള്ളത്തിനടിയിലായി. ചെന്നൈയിലും തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളിലും കനത്ത മഴയേത്തുടര്‍ന്ന് സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കി.

അണ്ണാ സര്‍വകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. കഴിഞ്ഞ അര്‍ദ്ധ രാത്രി മാത്രം നഗരത്തില്‍ ലഭിച്ചത് 153 സെന്റീ മീറ്റര്‍ മഴയാണ്. 2015ലെ പ്രളയത്തിന് ശേഷം ഇത്രയും വലിയ മഴ ലഭിക്കുന്നത് ഇതാദ്യമായാണ്. അടുത്ത 24 മണിക്കൂര്‍ കൂടി ഈ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപൂരം എന്നീ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് അവധി നല്‍കുകയോ വീട്ടില്‍ നിന്നും ജോലി ചെയ്യാന്‍ അനുവദിക്കുകയോ ചെയ്യണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

കനത്ത മഴ കണക്കിലെടുത്ത് ഇന്ന് ആളുകള്‍ പുറത്തിറങ്ങാതെ വീടുകളില്‍ തന്നെ കഴിണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അഭ്യര്‍ത്ഥിച്ചു. കുറച്ച് ദിവസം മുമ്പ് സംസ്ഥാനത്തിന്റെ തെക്കന്‍ തീരത്തെത്തിയ വടക്കുകിഴക്കന്‍ മണ്‍സൂണാണ് കനത്ത മഴയ്ക്ക് കാരണമായതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

തമിഴ്‌നാട്ടില്‍ വരും ദിവസങ്ങളിലും മഴ തുടരും. എന്നാല്‍ തീരപ്രദേശങ്ങളില്‍ മഴയുടെ ശക്തി കൂടുതലായിരിക്കും. ഈ പ്രതിഭാസം രണ്ട് മൂന്ന് ദിവസം നീണ്ടുനില്‍ക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. അതേസമയം, ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും എല്ലാ അടിയന്തര സാഹചര്യങ്ങളും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും മുഖ്യമന്ത്രി ഇ.പളനിസാമി വ്യക്തമാക്കി. പ്രളയബാധിത പ്രദേശത്ത് നിന്നും ആളുകളെ മാറ്റി പാര്‍പ്പിക്കാന്‍ 115 താത്കാലിക കേന്ദ്രങ്ങള്‍ തുറന്നതായും അദ്ദേഹം പറഞ്ഞു.