അസാധുനോട്ട് കൈവശം വെച്ചവര്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് കേന്ദ്രം

single-img
3 November 2017

ന്യൂഡല്‍ഹി: അസാധുനോട്ട് 2016 ഡിസംബര്‍ 30 ന് ശേഷം കൈവശം വെച്ചവര്‍ക്കെതിരെ നടപടി എടുക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. അസാധുവാക്കിയ നോട്ടുകള്‍ മാറ്റിക്കിട്ടാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിക്കാര്‍ക്കെതിരെ കേസെടുക്കില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ഉറപ്പു നല്‍കി. എന്നാല്‍ ഹര്‍ജിയില്‍ പരാമര്‍ശിച്ച തുകക്ക് മാത്രമേ ഇത് ബാധകമാകൂവെന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചു.

അവരുടെ കൈവശം ഹര്‍ജിയില്‍ കാണിക്കാത്ത തുക ഉണ്ടെങ്കില്‍ അതിന് സംരക്ഷണം ആവശ്യപ്പെടാനാകില്ലെന്നും സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ നിന്നുള്ള കര്‍ഷകരും നോട്ട് അസാധുവാക്കിയ കാലഘട്ടത്തില്‍ ആശുപത്രിയിലായിരുന്നവരും വിദേശത്തായിരുന്നവരുമാണ് നോട്ട് മാറ്റിക്കിട്ടാന്‍ സമയം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.

എന്നാല്‍ നോട്ട് അസാധുവാക്കല്‍ നിയമം ഭരണഘടനാ സാധുതയുള്ളതായതിനാല്‍ താത്കാലിക ഉത്തരവ് പുറപ്പെടുവിക്കാന്‍ ആവില്ലെന്ന് കോടതി വ്യക്തമാക്കി. ഭരണഘടനാബെഞ്ചിനു മുമ്പാകെയുള്ള നോട്ട് അസാധുവാക്കല്‍ നിയമത്തിന്റെ സാധുത പരിശോധിക്കുന്ന ഹര്‍ജിയില്‍ കക്ഷിചേരാമെന്നും കോടതി ഹര്‍ജിക്കാരെ അറിയിച്ചു.