തൊടുപുഴയില്‍ അമ്മായിയമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മരുമകളെ അറസ്റ്റ് ചെയ്തു

single-img
3 November 2017

അമ്മായിയമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മരുമകളെ അറസ്റ്റ് ചെയ്തു. മാങ്കുളം വിരിപാറ മക്കൊമ്പില്‍ ബിജുവിന്റെ ഭാര്യ മിനി (37) ആണ് അറസ്റ്റിലായത്. മൂന്നാര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ രാവിലെ യുവതിയെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്.

കൊലപാതക ശ്രമത്തിനാണ് മിനിക്കെതിരെ കേസെടുത്തിരിക്കുന്നത്. മിനിയുടെ വഴിവിട്ട ബന്ധം അച്ചാമ്മ കാണാനിടയായതാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് വിരിപാറയിലെ വീട്ടില്‍ വച്ച് പ്രതിയുടെ ഭര്‍ത്താവ് ബിജുവിന്റെ അമ്മ അച്ചാമ്മയെ മൂക്കില്‍ നിന്ന് രക്തം വാര്‍ന്ന നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്.

മിനി മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ബഹളം വച്ച് മിനി നാട്ടുകാരെ വിവരം അറിയിച്ച് അച്ചാമ്മയെ ആശുപത്രിയിലാക്കി. അച്ചാമ്മയുടെ പരുക്കില്‍ ഡോക്ടര്‍ക്ക് സംശയം തോന്നിയതോടെ ഇവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ ഡോക്ടര്‍ പരിശോധന നടത്തിയപ്പോള്‍ കഴുത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് മനസിലാക്കി പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് മൂന്നാര്‍ സിഐയും സംഘവും നടത്തിയ അന്വേഷണത്തിലാണ് മിനി അച്ചാമ്മയെ കേബിള്‍വയര്‍ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി കണ്ടെത്തിയത്.

അച്ചാമ്മ മരിച്ചെന്ന് കരുതിയാണ് മിനി വീട്ടില്‍ തങ്ങിയത്. മരിച്ചില്ലെന്ന് അറിഞ്ഞതോടെ നാട്ടുകാരെ വിളിച്ച് അച്ചാമ്മ വീണ് പരുക്കേറ്റെന്ന് പ്രചരിപ്പിക്കുകയായിരുന്നു. അച്ചാമ്മയുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിച്ച് വരികയാണ്.