വിദേശത്ത് ജോലിചെയ്യുന്ന ഇന്ത്യക്കാര്‍ക്കും ഇനി നാട്ടില്‍ പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യം ലഭിക്കും

single-img
3 November 2017

ന്യൂഡല്‍ഹി: വിദേശത്ത് ജോലിചെയ്യുന്ന ഇന്ത്യക്കാര്‍ക്കും ഇനി നാട്ടില്‍ ഇപിഎഫ്ഒയില്‍ അംഗമാകാം. ജോലി ചെയ്യുന്ന രാജ്യത്തെ സോഷ്യല്‍ സെക്യൂരിറ്റി സ്‌കീമില്‍ അംഗങ്ങളാകാത്തവര്‍ക്കാണ് ഇപിഎഫ്ഒയില്‍ അംഗത്വം നല്‍കുകയെന്ന് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ വി.പി ജോയി അറിയിച്ചു. ഡല്‍ഹിയില്‍ ദേശീയ സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജോലി ചെയ്യുന്ന രാജ്യത്തെ സോഷ്യല്‍ സ്‌കീമില്‍ അംഗമാകാതിരിക്കാന്‍ ഇതിലൂടെ കഴിയുമെന്നും ഇതിനായി 18 രാജ്യങ്ങളുമായി കരാറിലെത്തിയതായും അദ്ദേഹം പറഞ്ഞു. ബെല്‍ജിയം, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, കൊറിയ, ലക്‌സംബെര്‍ഗ്, നെതര്‍ലാന്‍ഡ്‌സ്, ഹങ്ഗറി, ഫിന്‍ലന്‍ഡ്, സ്വീഡന്‍, ചെക്ക് റിപ്പബ്ലിക്ക്, നോര്‍വെ, ഓസ്ട്രിയ, ജപ്പാന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളുമായാണ് കരാറുള്ളത്.

വിദേശത്ത് ജോലിക്കായി പോകുന്നവര്‍ക്ക് ആ രാജ്യത്തെ സെക്യൂരിറ്റി സ്‌കീമില്‍ അംഗമാവാതിരിക്കാന്‍ ഇപിഎഫ്ഒ സര്‍ട്ടിഫിക്കേറ്റ് ഓഫ് കവറേജ്(സിഒസി)നല്‍കും. ഓണ്‍ലൈന്‍ വഴിയും ഈ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാം. ഇപിഎഫ്ഒയുടെ വെബ്‌സൈറ്റില്‍ ഒരു പേജുമാത്രമുള്ള അപ്ലിക്കേഷനാണ് ഇതിനുള്ളത്. കുറച്ചുകാലത്തേയ്ക്ക് വിദേശത്ത് ജോലിക്കായി പോകുന്നവര്‍ക്കാണ് പദ്ധതി ഏറെ ഗുണകരമാകുക.

ജോലിക്കാലം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയാലും ഏറെക്കാലം അവിടത്തെ സോഷ്യല്‍ സെക്യൂരിറ്റി സ്‌കീമില്‍ നിക്ഷേപിച്ച തുക ലഭിക്കാതിരിക്കാനിടയുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം. ലോകത്തിലെതന്നെ ഏറ്റവും വലിയ സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം നടത്തിപ്പുകാരാണ് ഇപിഎഫ്ഒ. 9.26 ലക്ഷം സ്ഥാപനങ്ങളിലെ 4.5 കോടിപേരാണ് ഓര്‍ഗനൈസേഷനില്‍ അംഗങ്ങളായുള്ളത്. 60.32 ലക്ഷം പേര്‍ക്ക് എല്ലാമാസവും പെന്‍ഷനും നല്‍കുന്നുണ്ട്.