രാജ്യത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജീവിക്കാവുന്ന സ്ഥലങ്ങളില്‍ കേരളം രണ്ടാം സ്ഥാനത്ത്: ഉത്തര്‍പ്രദേശ് ഏറ്റവും പിന്നില്‍

single-img
2 November 2017

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജീവിക്കാവുന്ന സ്ഥലങ്ങളില്‍ കേരളത്തിന് രണ്ടാം സ്ഥാനം. പട്ടികയില്‍ ഒന്നാം സ്ഥാനം ഗോവയ്ക്കാണ്. വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യം, ആക്രമണങ്ങള്‍ക്കെതിരായ സംരക്ഷണം എന്നീ ഘടകങ്ങള്‍ പരിശോധിച്ച് തയ്യാറാക്കിയ ലിംഗാനുഭദ്രത സൂചികയിലാണ് കേരളം രണ്ടാം സ്ഥാനത്തെത്തിയത്.

ആദ്യമായാണ് ഇത്തരമൊരു പട്ടിക രാജ്യത്ത് തയ്യാറാക്കുന്നത്. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് 2011 ലെ സെന്‍സസ് അടക്കം 170 സൂചികകള്‍ പരിശോധിച്ചു. പ്ലാന്‍ ഇന്ത്യ തയ്യാറാക്കിയ പട്ടിക വനിത ശിശുക്ഷേമ മന്ത്രാലയമാണ് പുറത്തുവിട്ടത്. ജിവിഐ ഇന്‍ഡക്‌സിനെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ദേശീയ ശരാശരി 0.5314 ആയിരിക്കെ ഗോവയുടെ ഇന്‍ഡെക്‌സ് 0.656. കേരളത്തിന്റെ ജിവിഐ 0.634 ആണ്. സ്ത്രീകളുടെ ആരോഗ്യ സുരക്ഷയിലും കേരളമാണ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുന്നില്‍. രാജ്യതലസ്ഥാനമായ ഡല്‍ഹി സ്ത്രീസുരക്ഷയില്‍ ഏറ്റവും പിന്നിലാണെന്ന വിവരമാണ് പട്ടിക വ്യക്തമാക്കുന്നത്.

ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളും സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ പിന്നാക്കമാണ്. പട്ടികയില്‍ ഉത്തര്‍പ്രദേശ് ഏറ്റവും പിന്നിലാണ്. യുപി 0.434 പോയിന്റുമായി 29 ാം സ്ഥാനത്താണുള്ളത്. ഡല്‍ഹിയാണ് യുപിക്ക് മുകളിലായുള്ളത്.

പൂജ്യത്തില്‍നിന്നും ഒന്നിലേക്കാണ് പോയിന്റ് കണക്കുകൂട്ടിയത്. ഒന്നിനോട് അടുക്കുന്തോറും സുരക്ഷ വര്‍ധിക്കുന്നതായാണ് മനസിലാക്കുന്നത്.