സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി

single-img
2 November 2017

ഫുട്‌ബോളിന്റെ പ്രചരണാര്‍ത്ഥം സംസ്ഥാനത്തെത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. ഐ.എസ്.എല്‍ നാലാം സീസണ്‍ ഉദ്ഘാടന ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കാനായിരുന്നു കൂടിക്കാഴ്ചയെന്ന് സച്ചിന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹൃദയം കവര്‍ന്ന ടീമാണെന്ന് സച്ചിന്‍ പറഞ്ഞു. വിജയിക്കുക മാത്രമല്ല ടീമുകളുടെ ലക്ഷ്യം. ആരാധകരുടെ സ്‌നേഹം നേടിയെടുക്കുക എന്നതും പ്രധാനമാണ്. ഇക്കാര്യത്തില്‍ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചിട്ടുണ്ടെന്നും സച്ചിന്‍ പറഞ്ഞു.

കഴിഞ്ഞ സീസണില്‍ ടീമിന് പ്രതിസന്ധികളുണ്ടായിരുന്നു. എങ്കിലും മികച്ച കളി പുറത്തെടുക്കാന്‍ സാധിച്ചു. ഈ സീസണിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. താഴെ തട്ടില്‍ ഫുട്ബാള്‍ പരിശീലനം നടത്തുന്നതിനായി ബ്ലാസ്റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും സച്ചിന്‍ വ്യക്തമാക്കി.

നവംബര്‍ 17 മുതല്‍ മാര്‍ച്ച് വരെയാണ് ഐ.എസ്.എല്‍ നാലാം സീസണ്‍ മത്സരം. കേരളത്തിലും മത്സരം നടക്കുന്നുണ്ട്. ഈ സമയത്ത് ടീമിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് മുഖ്യമന്ത്രിയുടെ സഹായം തേടാനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഉടമ കൂടിയായ സച്ചിന്റെ സന്ദര്‍ശനം.