ഇന്ത്യയില്‍ ഹിന്ദു തീവ്രവാദം ഉണ്ടെന്ന് നടന്‍ കമല്‍ഹാസന്‍: ‘ഹിന്ദു തീവ്രവാദ ശക്തികളെ ചെറുത്തു തോല്‍പ്പിക്കുന്നതില്‍ കേരളം മാതൃക’

single-img
2 November 2017

ഇന്ത്യയില്‍ ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാനാകില്ലെന്ന് നടന്‍ കമല്‍ഹാസന്‍. തീവ്ര ഹിന്ദു വലതുപക്ഷ ഗ്രൂപ്പുകളും അക്രമപ്രവര്‍ത്തനങ്ങളുടെ ഭാഗമാവുന്നുണ്ട്. ഹിന്ദു വലതുപക്ഷ ഗ്രൂപ്പുകള്‍ മുമ്പ് അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ അവരും അക്രമത്തിന്റെ ഭാഗമാവുന്നുവെന്ന് കമല്‍ഹാസന്‍ പറഞ്ഞു. പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം വൈകാതെ നടത്തുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് തീവ്രഹിന്ദുത്വവാദികളെ വിമര്‍ശിച്ച് കമല്‍ഹാസന്‍ രംഗത്തെത്തിയിരിക്കുന്നത്.

യുവാക്കളില്‍ ജാതിയുടെ പേരില്‍ വിദ്വേഷം കുത്തിവയ്ക്കാനാണു ശ്രമങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഇത്തരം ശക്തികളുടെ രാഷ്ട്രീയ വളര്‍ച്ച താല്‍ക്കാലികം മാത്രമാണ്. ഹിന്ദുത്വവാദം ദ്രാവിഡ രാഷ്ട്രീയത്തിന് കോട്ടം തട്ടിക്കുമോ എന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിനു മറുപടിയായാണ് കമല്‍ഹാസന്‍ നിലപാട് വ്യക്തമാക്കിയത്.

ആനന്ദവികടന്‍ മാസികയിലെ പ്രതിവാര പംക്തിയിലാണ് കമലിന്റെ അഭിപ്രായപ്രകടനം. ഹിന്ദു തീവ്രവാദ ശക്തികളെ ചെറുത്തു തോല്‍പിക്കുന്നതില്‍ കേരളം മാതൃകയാണ്. മുന്‍ കാലങ്ങളില്‍ യുക്തികൊണ്ട് മറുപടി പറഞ്ഞിരുന്നവര്‍ ഇന്ന് ആയുധങ്ങള്‍ കൊണ്ടാണ് പ്രതികരിക്കുന്നത്.

ഹിന്ദു തീവ്രവാദി എവിടെയെന്ന ചോദ്യത്തിന് അവര്‍തന്നെ ഉത്തരം നല്‍കിയിരിക്കുകയാണ്. സിനിമാ താരങ്ങളെ പോലും ജാതിപറഞ്ഞ് അധിക്ഷേപിക്കുന്നതിലൂടെ എത്രമാത്രം വിഷമാണ് പ്രചരിപ്പിക്കുന്നതെന്ന് മനസിലാകുമെന്നും ബിജെപി നേതാവ് എച്ച്. രാജയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് കമല്‍ഹാസന്‍ എഴുതിയിട്ടുണ്ട്.