പോണ്ടിച്ചേരി രജിസ്‌ട്രേഷനില്‍ വിലസുന്ന എല്ലാ വാഹനങ്ങളും പിടിച്ചെടുക്കും; നടന്‍ ഫഹദ് ഫാസിലിന്റെ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് മാറ്റിയ നിലയില്‍

single-img
2 November 2017

പോണ്ടിച്ചേരി രജിസ്‌ട്രേഷനില്‍ വിലസുന്ന എല്ലാ വാഹനങ്ങളും പിടിച്ചെടുക്കാന്‍ ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം നല്‍കി. നികുതി വെട്ടിക്കുന്നതിനായി വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. വി.ഐ.പികളടക്കം നിരവധി പേര്‍ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ ഉപയോഗിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ഒരുകോടിയിലധികം വില വരുന്ന ആഡംബര വാഹനം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ റോഡ് നികുതി അടക്കം വിവിധ നികുതികളിലായി 14-16 ലക്ഷംവരെ നല്‍കണം. എന്നാല്‍, പുതുച്ചേരിയില്‍ ഇത് ഒന്നര മുതല്‍ രണ്ടുലക്ഷം രൂപയില്‍ ചുരുങ്ങും. അതിനാല്‍ വാഹന ഉടമകള്‍ വ്യാജ വിലാസം നല്‍കി പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതായാണ് കണ്ടെത്തിയത്. വര്‍ഷങ്ങളായി തുടരുന്ന ഈ നടപടി മൂലം സംസ്ഥാനത്തിനു കോടികളുടെ നികുതി നഷ്ടം സംഭവിച്ചതായും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

അതേസമയം വാഹന രജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിച്ചത് പുറത്തായതോടെ നടന്‍ ഫഹദ് ഫാസിലിന്റെ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് മാറ്റിയ നിലയില്‍ കണ്ടെത്തി. തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റില്‍ വാഹന ഉടമകള്‍ക്ക് നോട്ടീസ് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഫഹദിന്റെയുള്‍പ്പെടെ പല പ്രമുഖ താമസക്കാരുടെയും നമ്പര്‍ പ്ലേറ്റുകള്‍ മാറ്റിയ നിലയില്‍ കണ്ടെത്തിയത്.

ഈ ഫ്‌ലാറ്റിലെ താമസക്കാരുടേത് മാത്രമായി നിലവില്‍ പത്തോളം പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉടമകളെ അന്വേഷിച്ചപ്പോള്‍ ഇവരാരും കേരളത്തില്‍ ഇല്ലെന്നാണ് ഫ്‌ലാറ്റില്‍ നിന്നുള്ള മറുപടി. കാറുടമകള്‍ നിസഹകരിച്ചാല്‍ നോട്ടീസ് നല്‍കി കടുത്ത നടപടികളിലേയ്ക്ക് കടക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഫഹദ് ഫാസിലിന്റെ 70 ലക്ഷം രൂപ വിലമതിക്കുന്ന ബെന്‍സ് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതോടെ 14 ലക്ഷം രൂപയാണ് നികുതിയിനത്തില്‍ വെട്ടിച്ചത്. ഒരു കോടി 12 ലക്ഷത്തിന്റെ ബെന്‍സ് ഇതേ തരത്തില്‍ രജിസ്റ്റര്‍ ചെയ്ത് അമലാ പോള്‍ 20 ലക്ഷം രൂപയും വെട്ടിച്ചു.

പോണ്ടിച്ചേരിയില്‍ സ്ഥിര വിലാസമുള്ളവര്‍ക്ക് മാത്രമാണ് ഇവിടെ രജിസ്‌ട്രേഷന്‍ പറ്റൂ. അതിനാല്‍ വ്യാജ വിലാസങ്ങള്‍ ഉപയോഗിച്ചാണ് താരങ്ങളുടെ രജിസ്‌ട്രേഷന്‍ എന്നതും ശ്രദ്ദേയമാണ്. ഈ വിലാസത്തിലുള്ളവര്‍ ഈ താരങ്ങളെ ഒരിക്കല്‍ പോലും കണ്ടിട്ടുമില്ല.