ഗുജറാത്ത് തെരഞ്ഞെടുപ്പ്: പ്രചാരണത്തിനായി ബിജെപി മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മുസ്ലീങ്ങളെ ‘വാടകക്കെടുക്കുന്നു’

single-img
2 November 2017

ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി മഹാരാഷ്ട്രയില്‍ നിന്നും മുസ്ലീങ്ങളെ ഇറക്കുന്നു. 250 പേരടങ്ങുന്ന സംഘത്തെയാണ് പ്രചാരണത്തിന് എത്തിക്കുക. നവംബര്‍ നാലിനോ അഞ്ചിനോ ആദ്യ സംഘം ഗുജറാത്തിലേക്ക് യാത്രതിരിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

പാരമ്പര്യമായി കോണ്‍ഗ്രസിനാണ് ഗുജറാത്തിലെ മുസ്ലീങ്ങളുടെ പിന്തുണ. ഇതില്‍ ഒരു മാറ്റം വരുത്തി പിന്തുണ പിടിച്ചുപറ്റാനാണ് ബിജെപിയുടെ നീക്കം. ഇതിന്റെ ഭാഗമായാണ് പുറത്ത് നിന്നും മുസ്ലിങ്ങളെ ഇറക്കി പ്രചരണം നടത്തുന്നത്.

ഗുജറാത്തില്‍ മൂന്നു വര്‍ഷമായി വര്‍ഗീയ കലാപങ്ങള്‍ ഇല്ലെന്ന് മുസ്ലിങ്ങള്‍ തന്നെ പറഞ്ഞു ഫലിപ്പിക്കാന്‍ വേണ്ടിയാണ് പുറത്ത് നിന്ന് ആളെ കൊണ്ടു വരുന്നത്. വര്‍ഗീയ മുഖം മറച്ച് പിടിച്ച് തെരഞ്ഞെടുപ്പില്‍ വിജയമുണ്ടാക്കാനാണ് ബിജെപിയുട നീക്കമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

1980ന് ശേഷം ഒരു മുസ്ലിം സ്ഥാനാര്‍ത്ഥിയെ മാത്രമാണ് (1998) ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഇറക്കിയിട്ടുള്ളത്. ഇയാള്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. 182 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒമ്പതിനും പതിനാലിനുമായി രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക.