വള്ളത്തിലാണ് യാത്ര; വിവാദങ്ങളൊന്നും ഉണ്ടാവില്ലല്ലോ അല്ലേ?; പരിഹാസവുമായി നടി അമല പോള്‍

single-img
2 November 2017

വാഹന രജിസ്‌ട്രേഷന്റെ മറവില്‍ നികുതി വെട്ടിച്ചെന്ന ആരോപണത്തില്‍ മറുപടിയുമായി നടി അമല പോള്‍. ഇപ്പോള്‍ വള്ളത്തിലുള്ള യാത്രയാണ് താന്‍ തെരഞ്ഞെടുക്കുന്നതെന്നും അതിനാല്‍ വിവാദങ്ങളൊന്നും ഉണ്ടാവില്ലല്ലോയെന്നുമാണ് അമല പോളിന്റെ ഫേസ്ബുക്കിലൂടെയുള്ള പരിഹാസം.

കുടയും പിടിച്ച് വളര്‍ത്തു നായയ്‌ക്കൊപ്പം വള്ളത്തില്‍ പോകുന്ന ചിത്രവും അമല പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ചിലപ്പോഴെങ്കിലും നഗരത്തിന്റെ തിരക്കുകളില്‍ നിന്നും അനാവശ്യമായ ഊഹാപോഹങ്ങളില്‍ നിന്നും എനിക്ക് ഓടിമാറേണ്ടതുണ്ട്. അതിനായി ഒരു ബോട്ട് യാത്രയാണ് ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കാരണം നിയമലംഘനം നടത്തി എന്ന് പേടിക്കേണ്ടതില്ലല്ലോ? അതോ ഇതും എന്റെ അഭ്യുദയകാംക്ഷികളോട് ചര്‍ച്ച ചെയ്ത് ശരിയാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടോ എന്നാണ് താരത്തിന്റെ കുറിപ്പ്.

എന്നാല്‍ താരത്തെ പരിഹസിച്ചാണ് ഫോട്ടോയ്ക്ക് കീഴില്‍ കമന്റുകള്‍ വന്നിരിക്കുന്നത്. സിനിമാ താരമെന്നാല്‍ അത് നിയമത്തിന് മുകളിലല്ലെന്നും എല്ലാവരും നിയമത്തിന് കീഴെയാണെന്നുമാണ് ചിലരുടെ കമന്റ്. 20 ലക്ഷം രൂപ നികുതി വെട്ടിച്ച് ആരും അറിയാതെ ജീവിക്കുമ്പോള്‍ ഇങ്ങനെ കണ്ടുപിടിച്ച് നാണംകെടുത്തുന്നത് എന്തൊരു കഷ്ടമാണ് എന്ന് മറ്റൊരാള്‍ പരിഹസിക്കുന്നു. താന്‍ ഒരു ആള്‍ട്ടോ കാര്‍ വാങ്ങുകയാണെന്നും പോണ്ടിച്ചേരിയിലെ ഏജന്റിന്റെ നമ്പര്‍ തരുമോ തുടങ്ങിയ രസകരമായ കമന്റുകളും ചിത്രത്തിന് താഴെ ഉയര്‍ന്ന് വരുന്നുണ്ട്.

അമല പോള്‍ തന്റെ ബെന്‍സ് കാര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് നടിക്ക് ഒരു പരിചയവുമില്ലാത്ത ഒരു എന്‍ജിനിയറിങ് വിദ്യാര്‍ഥിയുടെ പേരിലാണെന്നും 20 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ് ഈ വകയില്‍ അമല നടത്തിയിരിക്കുന്നതെന്നുമാണ് ആരോപണം. ഇതുസംബന്ധിച്ച തെളിവുകള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചെന്നും താരത്തിനെതിരെ നിയമനടപടിയുണ്ടാകുമെന്നുമാണ് സൂചന. അതിനിടെയാണ് അമല ഇതിനെ വിമര്‍ശിച്ചും പരിഹസിച്ചും രംഗത്തെത്തിയിരിക്കുന്നത്.