തമിഴ്‌നാട്ടില്‍ മഴയ്ക്ക് ശമനമില്ല; മരിച്ചവരുടെ എണ്ണം 11 ആയി

single-img
1 November 2017

ചെന്നൈ: കഴിഞ്ഞ ദിവസം ആരംഭിച്ച മഴ തമിഴ്‌നാട്ടില്‍ ഇപ്പോഴും ശക്തമായി തുടരുകയാണ്. റോഡിനോട് ചേര്‍ന്നുള്ള വീടുകളിലെല്ലാം വെള്ളത്തിനടിയിലായി. തെക്കന്‍ തീരദേശ മേഖലയിലാണ് മഴ എറ്റവുമധികം ശക്തി പ്രാപിച്ചിട്ടുളളത്.

മഴയെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ നാലു വിദ്യാര്‍ഥികള്‍ മരിച്ചു. ചെന്നൈ അനകാപുത്തൂരില്‍ ഇടിമിന്നലേറ്റു രണ്ട് ആണ്‍കുട്ടികളും കൊടുങ്ങയ്യൂരില്‍ പൊട്ടിവീണ വൈദ്യതി ലൈനില്‍നിന്നു ഷോക്കേറ്റു രണ്ടു പെണ്‍കുട്ടികളുമാണു മരിച്ചത്.

അതേസമയം, കാലവര്‍ഷ കെടുതിയില്‍ മരിച്ചവരുടെ എണ്ണം 11 ആയി. വടക്കുകിഴക്കന്‍ കാലവര്‍ഷത്തിന് ഇന്നലെ നേരിയ ശമനമുണ്ടായെങ്കിലും ഇന്നു വീണ്ടും ചെറുതും വലുതുമായ മഴ പെയ്യുകയാണ്. ചെന്നൈയിലെ വിവിധ ഭാഗങ്ങളിലുള്ള വെള്ളക്കെട്ടു ജനജീവിതം ദുസഹമാക്കി.

ചിലയിടങ്ങളില്‍ വൈദ്യുതിയില്ല. നുങ്കമ്പാക്കത്തു മരം പൊട്ടിവീണു മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ ഒന്നിടവിട്ടും മറ്റു തീരദേശ ജില്ലകളില്‍ തുടര്‍ച്ചയായും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.