സാക്ഷികളുടെ മൊഴിമാറ്റം ദിലീപിനെതിരെ ആയുധമാക്കാന്‍ അന്വേഷണസംഘം: മുഖ്യസാക്ഷി കാലുമാറിയതിന് പിന്നില്‍ പ്രമുഖ അഭിഭാഷകനെന്ന് കണ്ടെത്തി

single-img
1 November 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ മുഖ്യസാക്ഷികളില്‍ ഒരാള്‍ മൊഴി മാറ്റിയതിന് പിന്നില്‍ കൊച്ചിയിലെ ഒരു പ്രമുഖ അഭിഭാഷകനെന്ന് റിപ്പോര്‍ട്ട്. ദിലീപുമായി അടുപ്പമുള്ള ഇയാളെ ബന്ധിപ്പിക്കുന്ന ചില നിര്‍ണ്ണായക വിവരങ്ങള്‍ പോലീസിന് കിട്ടിയതായാണ് സൂചന.

അഭിഭാഷകനും സാക്ഷിയും ആലപ്പുഴയില്‍ ഒരുമിച്ചുണ്ടായിരുന്നതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കുന്നതിന് മുമ്പ് ഇവര്‍ ആലപ്പുഴയില്‍ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

കീഴടങ്ങുന്നതിന് മുമ്പ് പള്‍സര്‍ സുനിയും വിജേഷും ലക്ഷ്യയില്‍ ബൈക്കില്‍ വന്ന് കാവ്യമാധവനെയും ദിലീപിനെയും അന്വേഷിച്ചുവെന്നും ഇരുവരും ആലുവയിലാണെന്ന് പറഞ്ഞപ്പോള്‍, ഇവര്‍ മടങ്ങിപ്പോയി എന്നും ഇയാള്‍ നേരത്തെ മൊഴി നല്‍കിയിരുന്നു.

നേരത്തെ ജയിലില്‍ നിന്നും പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിലും, താന്‍ ലക്ഷ്യയില്‍ വന്നിരുന്നെന്നും, എന്നാല്‍ ദിലീപ് അവിടെ ഇല്ല എന്നറിഞ്ഞതിനെ തുടര്‍ന്ന് മടങ്ങിപ്പോയ കാര്യം സൂചിപ്പിച്ചിരുന്നു. അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യലില്‍ ഇക്കാര്യം ശരിവെക്കുകയും ചെയ്തിരുന്നു.

നേരത്തെ കാവ്യമാധവന്റെ ഡ്രൈവറുടെ ഫോണില്‍ നിന്ന് കേസിലെ പ്രധാനപ്പെട്ട സാക്ഷിയെ 41 തവണ ഫോണ്‍ വിളിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ വിവരം പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇയാള്‍ മൊഴിമാറ്റാന്‍ സാധ്യതയുള്ളത് കണക്കിലെടുത്ത് രഹസ്യമൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചത്.

ദിലീപിനെയും പള്‍സര്‍ സുനിയെയും ബന്ധിപ്പിക്കുന്ന മുഖ്യ തെളിവായാണ് സാക്ഷിയുടെ മൊഴിയെ പൊലീസ് കണ്ടിരുന്നത്. ഈ മൊഴിയാണ് മാറ്റിയത്. മജിസ്‌ട്രേറ്റിന് മുന്നില്‍ കൊടുത്ത മൊഴിയുടെ പകര്‍പ്പ് ലഭിച്ചപ്പോഴാണ് മൊഴി മാറ്റിയ വിവരം പോലീസ് അറിയുന്നത്.

മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴിയില്‍ ലക്ഷ്യയില്‍ അന്നേദിവസം സുനില്‍കുമാറോ വിജേഷോ വന്നിട്ടില്ലെന്നും താന്‍ കണ്ടിട്ടില്ലെന്നുമാണ് സാക്ഷി പറഞ്ഞിട്ടുള്ളത്. അതേസമയം പള്‍സര്‍ സുനിയെ കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ച മറ്റൊരു പ്രതി ചാര്‍ളിയും മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴിമാറ്റിയെന്നു സൂചനയുണ്ട്.

എന്നാല്‍ ഇപ്പോഴുള്ള മൊഴിമാറ്റങ്ങള്‍ കേസിനെ ബാധിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. മൊഴിമാറ്റങ്ങള്‍ ഉണ്ടായേക്കുമെന്ന് മനസ്സിലാക്കി അന്വേഷണസംഘം മുന്‍കരുതല്‍ എടുത്തിരുന്നു. എല്ലാവരുടെയും മൊഴികള്‍ വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. വേറെയും തെളിവുകളുണ്ട്. ഭീഷണിപ്പെടുത്തി മൊഴി രേഖപ്പെടുത്തിയെന്ന ആരോപണം പൊളിക്കാനുള്ള തെളിവുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

നിലവിലെ സാക്ഷികളുടെ മൊഴിമാറ്റവും ദിലീപിനെതിരേ ആയുധമാക്കുകയാണ് അന്വേഷണസംഘം. ജയിലില്‍ നിന്നും പുറത്തിറങ്ങിയ ദിലീപ് കേസില്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തുന്നുണ്ടെന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ വീണ്ടും ഉന്നയിക്കും.

കേസില്‍ അഞ്ചാമത്തെ ജാമ്യാപേക്ഷ വന്ന ഘട്ടത്തില്‍ പ്രോസിക്യൂഷന്‍ കോടിതിയില്‍ ദിലീപ് ജയിലില്‍ കിടന്നാലും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം തുടരുന്നുണ്ടെന്ന് ആരോപിച്ചിരുന്നു. ഇപ്പോള്‍ ദിലീപ് പുറത്തിറങ്ങിയ സാഹചര്യത്തില്‍ സാക്ഷികള്‍ മൊഴിമാറ്റിയത് ഇത് സാധൂകരിക്കുന്നതാണെന്ന് പ്രോസിക്യൂഷന്‍ കോടിതിയില്‍ തെളിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.