ചാലക്കുടി രാജീവ് വധക്കേസില്‍ അഡ്വ. സി.പി. ഉദയഭാനുവിന് തിരിച്ചടി; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

single-img
31 October 2017

കൊച്ചി: റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. സി.പി. ഉദയഭാനു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങാമെന്ന വാദവും കോടതി അംഗീകരിച്ചില്ല.

ഏതു ഉന്നതനും മുകളിലാണ് നിയമമെന്ന് കോടതി പറഞ്ഞു. രാജീവിന്റെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നും കേസില്‍ ബോധപൂര്‍വം കുടുക്കാനാണ് പൊലീസിന്റെ ശ്രമമെന്നുമാണ് ഉദയഭാനുവിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.

അതേസമയം ഉദയഭാനുവിന് കൊലപാതക ഗൂഢാലോചനയില്‍ നേരിട്ട് പങ്കുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഉദയഭാനുവിനെ കസ്റ്റഡിയില്‍ എടുക്കണമെന്നും വിശദമായി ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കേസിലെ അഞ്ചാം പ്രതി ചക്കര ജോണിയുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ ഉദയഭാനുവിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നതിന്റെ തെളിവാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരാനായ ചാലക്കുടി സ്വദേശി രാജീവിനെ കഴിഞ്ഞ സെപ്തംബര്‍ 29നാണ് ചക്കര ജോണിയടക്കമുള്ള പ്രതികള്‍ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. രാജീവിന്റെ അഭിഭാഷകനായിരുന്ന ഉദയഭാനു ഭൂമി വാങ്ങാന്‍ നല്‍കിയ അഡ്വാന്‍സ് തുക തിരിച്ചു കിട്ടുന്നതു സംബന്ധിച്ച് രാജീവുമായി തര്‍ക്കത്തിലായിരുന്നെന്ന് അന്വേഷണ സംഘം പറയുന്നു.