സുരേഷ് ഗോപിയും തട്ടിപ്പ് നടത്തി; വ്യാജ മേല്‍വിലാസം ഉപയോഗിച്ച് പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തു

single-img
31 October 2017

നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയും വ്യാജ മേല്‍വിലാസം ഉപയോഗിച്ച് പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. സുരേഷ് ഗോപിയുടെ ആഡംബര കാറായ PY 01 BA 999 നമ്പര്‍ ഓഡി ക്യൂ സെവന്‍ ആണ് പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ ഓടിക്കുന്നത്.

ഈ കാര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കില്‍ അദ്ദേഹം 15 ലക്ഷം രൂപ നികുതി അടയ്‌ക്കേണ്ടിവരുമായിരുന്നെന്നും എന്നാല്‍, പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതോടെ ഒന്നരലക്ഷം രൂപ മാത്രമേ നികുതി അടച്ചുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സുരേഷ് ഗോപി, 3 സി.എ കാര്‍ത്തിക അപ്പാര്‍ട്ട്‌മെന്റ്‌സ്, പുതുപ്പേട്ടൈ, പുതുച്ചേരി എന്ന വിലാസത്തിലാണ് സുരേഷ് ഗോപി വാഹനം രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. വ്യാജ മേല്‍വിലാസത്തില്‍ വാടകയ്ക്ക് താമസിച്ചുവെന്ന് രേഖയുണ്ടാക്കിയാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നേരത്തെ, അമലപോളും ഫഹദ് ഫാസിലും വാഹനം വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ തട്ടിപ്പും പുറത്ത് വന്നിരിക്കുന്നത്.