ജനങ്ങള്‍ ഇപ്പോള്‍ രാഹുല്‍ ഗാന്ധി പറയുന്നത് കേള്‍ക്കാന്‍ തുടങ്ങിയെന്ന് ശിവസേന; ബിജെപി മുഖ്യശത്രു

single-img
31 October 2017

മുംബൈ: ബി.ജെ.പിയെ മുഖ്യശത്രുവായി പ്രഖ്യാപിച്ച് എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ മൂന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണു ശിവസേന എംപി സഞ്ജയ് റാവത്തിന്റെ പ്രസ്താവന.

ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വേണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നതുകൊണ്ട് മാത്രമാണ് ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ അധികാരത്തില്‍ നിലനില്‍ക്കുന്നതെന്ന് റാവത്ത് പറഞ്ഞു. ഇതിനിടയില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പുകഴ്ത്താനും സഞ്ജയ് മറന്നില്ല.

ജനങ്ങളാല്‍ അംഗീകരിക്കപ്പെട്ട നേതാവാണ് രാഹുല്‍ ഗാന്ധിയെന്നും 2014 ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷം വലിയ മാറ്റങ്ങളാണ് അദ്ദേഹത്തിലുണ്ടായതെന്നുമായിരുന്നു റാവത്തിന്റെ അഭിപ്രായം. ജനങ്ങള്‍ ഇപ്പോള്‍ രാഹുല്‍ പറയുന്നത് കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും ശിവസേന എം.പി പറഞ്ഞു.

മഹാരാഷ്ട്രയില്‍ ബിജെപിയുടേതാണു സര്‍ക്കാര്‍. ഞങ്ങള്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുവെന്നേയുള്ളൂ. കോണ്‍ഗ്രസിനെയും എന്‍സിപിയെയും എതിര്‍ക്കുന്നതിനു പകരം ബിജെപി ശിവസേനയെയാണു ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ ബിജെപിയാണു ഞങ്ങളുടെ മുഖ്യശത്രുവെന്നും അദ്ദേഹം പറഞ്ഞു.

2019ല്‍ നടക്കുന്ന സംസ്ഥാന നിയമസഭാ ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലേക്കായി പാര്‍ട്ടി അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറയുടെ നേതൃത്വത്തില്‍ തങ്ങള്‍ തയ്യാറെടുപ്പ് തുടങ്ങിയെന്നും ബി.ജെ.പിയെ ഒപ്പം നിര്‍ത്തിയോ ഒറ്റയ്‌ക്കോ തിരഞ്ഞെടുപ്പ് നേരിടാന്‍ ശിവസേന സജ്ജമാണെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി.

നേരത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും വിമര്‍ശിച്ചുകൊണ്ട് റാവത്ത് രംഗത്തെത്തിയിരുന്നു. മോദിയുടെ പ്രഭാവം മങ്ങി തുടങ്ങിയെന്നും ഇപ്പോള്‍ ഇന്ത്യയെ നയിക്കാന്‍ യോഗ്യന്‍ രാഹുല്‍ ഗാന്ധിയാണെന്നുമായിരുന്നു സഞ്ജയ് റൗത്തിന്റെ പരാമര്‍ശം.